Webdunia - Bharat's app for daily news and videos

Install App

സ്‌പോയിലര്‍ അലര്‍ട്ട്..! ഹൃദയം സിനിമയെകുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജനുവരി 2022 (08:56 IST)
ഹൃദയം സിനിമയെകുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.ഒരു പ്രണയ സിനിമ മാത്രമല്ല ' ഹൃദയം', എല്ലാത്തരം ഹൃദയബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമയാണിതെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. സിനിമ കാണാത്തവര്‍ ഇത് വായിക്കരുത് എന്ന് ആദ്യമേ പറയുന്നു.
 
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
 
സ്‌പോയിലര്‍ അലര്‍ട്ട്..! 'ഹൃദയം ' കാണാത്തവര്‍ വായിക്കുകയുമരുത്.
 
ദര്‍ശന? നിത്യ? അരുണ്‍ ?
 
അന്ന് ദര്‍ശന ക്ഷമിച്ചിരുന്നുവെങ്കില്‍??? ആ തെറ്റിദ്ധാരണ മാറ്റുവാന്‍ അരുണിനു കഴിഞ്ഞിരുന്നുവെങ്കില്‍ ??? നിത്യ വന്നില്ലായിരുന്നുവെങ്കില്‍ ??? 
ഇല്ല ജീവിതത്തില്‍ അത്തരം ചോദ്യ ചിഹ്നങ്ങള്‍ക്കോ, if clause നോ ഒന്നും പ്രസക്തിയില്ല.... ജീവിതം അത്തരത്തിലൊരു ഒഴുക്കാണ് , കഴിഞ്ഞ നിമിഷത്തെ പറ്റി നാം ചിന്തിക്കും മുന്‍പ് അടുത്ത നിമിഷം കടന്നു പോകുന്നൊരു ഒഴുക്ക്. അത് തന്നെയാണ് ദര്‍ശനയുടെ വിവാഹത്തലേന്ന് അരുണ്‍ പറഞ്ഞ് വെക്കുന്നതും. നാം തെറ്റിദ്ധരിക്കപെട്ട്, അത് തിരുത്തുവാന്‍ കഴിയാതെ, നിസ്സഹായരായി നില്ക്കുന്ന എത്ര നിമിഷങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ട്. ആ ഒരു നിമിഷത്തെ അതിജീവിക്കുവാനാകാതെ തകര്‍ന്ന് പോകുന്നയെത്ര ബന്ധങ്ങള്‍!
 
ദര്‍ശനയാണോ നിത്യയാണോ എന്ന പക്ഷം പിടിക്കുവാന്‍ കഴിയാത്തത്ര മനോഹരമായി കഥാപാത്രങ്ങളെ പൂര്‍ണ്ണമാക്കുവാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഒരാളുടെ ഒന്നിലധികം പ്രണയങ്ങള്‍ പറയുന്ന ചേരന്റെ ' ഓട്ടോഗ്രാഫും ' , ഗൗതം മേനോന്റെ 'വാരണമായിരവും ' ഒക്കെ പോലെ തന്നെ എല്ലാ പ്രണയങ്ങള്‍ക്കും മനോഹാരിത നല്കുവാന്‍ വിനീതിനുമായി. ഒറ്റ വാക്കില്‍ വിനീതിനെ പറ്റി പറഞ്ഞാല്‍, നിങ്ങള്‍ക്ക് ഈ സിനിമ കൂടിയാകുമ്പോള്‍ ഒരു ബാധ്യതയാകും , നിങ്ങളുടെ പേര് കണ്ട് കാണികള്‍ വരുമെന്ന ബാധ്യത, ആ പ്രതീക്ഷയ്‌ക്കൊത്ത് സിനിമകള്‍ തിരിച്ച് നല്കണമെന്ന ബാധ്യത, മിനിമം ഗ്യാരണ്ടി സംവിധായകന്‍ എന്ന ബാധ്യത...
 
വിനീത് ശ്രീനിവാസന്‍ പ്രണയം കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യം ശ്രദ്ധേയമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം നാളിതു വരെയുള്ള സിനിമകള്‍ മാത്രമല്ല, ഈ സിനിമയിലെ തന്നെ വിരലിലെണ്ണാവുന്ന സീക്വന്‍സ് മാത്രമുള്ള സെല്‍വന്റെയും തമിഴ്‌സെല്‍വിയുടെയും പ്രണയം വരെ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നുണ്ട്.
 
ഒരു പ്രണയ സിനിമ മാത്രമല്ല ' ഹൃദയം', എല്ലാത്തരം ഹൃദയബന്ധങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന സിനിമയാണത്. മകന് പേരിടുവാന്‍ നിത്യ പറയുമ്പോള്‍, 'സെല്‍വ ' എന്ന പേരിടുവാന്‍ അരുണിനെ തോന്നിപ്പിക്കുന്നതു അതു കൊണ്ടാണ്. ഏത് 'നരകത്തിലേക്കും ഒപ്പം വരുന്ന ആന്റണി താടിക്കാരന്‍മാരില്ലാതെ ഒരു അരുണും ജീവിക്കുകയില്ല. സൗഹൃദവും, പ്രണയവും, പഠനവും, പരീക്ഷയും, ഉഴപ്പും, സംഘര്‍ഷങ്ങളും തൊട്ട് ഹോസ്റ്റല്‍ മെസ്സിലെ ഭക്ഷണം വരെ സിനിമയിലെ കഥാപാത്രങ്ങളാണ്. തമിഴ് നാട്ടിലെ എഞ്ചിനിയറിംഗ് കോളജിലെ ജീവിതമാണ് ആദ്യ പകുതിയിലെ ഇതിവൃത്തമെങ്കിലും, സിനിമ കഴിഞ്ഞ് എന്റെ ക്യാംപസിലേക്ക് ഓടിപ്പോകുവാന്‍ എന്നെ തോന്നിപ്പിക്കും വിധം കണക്റ്റഡാണ് അത് .
 
പാട്ടുകള്‍ സിനിമയുടെ ഭാഗമല്ലാതാകുന്ന കാലത്ത് 14 പാട്ടുകള്‍ ഉള്ള ഒരു സിനിമയെന്നത് തീയറ്ററില്‍ എത്തി വെളിച്ചമകലും വരെ ഒരു ഭാരമായിരുന്നു. എന്നാല്‍ സിനിമയിലെ സംഭാഷണം പോലെ അതിലെ പാട്ടുകളെ അനിവാര്യമാക്കുവാന്‍ ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതത്തിനു സാധിച്ചിട്ടുണ്ട്.
 
അഭിനേതാക്കള്‍ എല്ലാവരും ഒന്നിനൊന്നു മികച്ചതായിരുന്നു. പ്രണവിന്റെ ഭാവിലേക്കുള്ള യാത്രയില്‍ 'അരുണ്‍ നീലകണ്ഠന്‍ ' ഒരു സ്‌കൂട്ടറില്‍ കൂടെയുണ്ടാകും. ദര്‍ശന രാജേന്ദ്രന്‍ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയായി ഏറെക്കാലം മലയാള സിനിമയിലുണ്ടാകും. കല്യാണി നമ്മുടെ അടുത്ത വീട്ടിലെ കുട്ടിയായി കൂടുതല്‍ സ്‌നേഹം കവരുന്നു. 
 
അജു വര്‍ഗ്ഗീസിനെ ബസ്സില്‍ കാണുന്ന ആദ്യ സീനില്‍ കിട്ടുന്ന കൈയ്യടി അയാള്‍ മലയാളികളുടെ മനസ്സില്‍ കൈവ്വരിച്ച സ്ഥാനത്തിന്റെ ഉദാഹരണമാണ്. അശ്വത് ലാല്‍ മനസില്‍ പതിഞ്ഞു കിടക്കുന്നുണ്ട്. ജോണി ആന്റണി സംവിധായകനില്‍ നിന്ന് നടന്‍ എന്ന മേല്‍വിലാസം സൃഷ്ടിച്ചിരിക്കുന്നു. പുതുമുഖങ്ങളും മുഴച്ച് നില്ക്കാതെ, സിനിമയുടെ മനോഹര ഭാഗമായി. മെരിലാന്റ് എന്ന പ്രൊഡക്ഷന്‍ മുത്തശ്ശി, വിശാഖിലൂടെ മടങ്ങി വന്നിരിക്കുന്നു. ദീര്‍ഘമായ ഒരു സിനിമയില്‍ വിരസത തോന്നിപ്പിക്കാതെ മനോഹരവും, വര്‍ണ്ണ ശബളവുമായ ദൃശ്യവിരുന്നു ഒരുക്കിയ മുഴുവന്‍ പിന്നണി പ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു.
 
ഹൃദയം രണ്ട് സിനിമയാണ്, ആദ്യ പകുതിയില്‍ മനോഹരമായ ഒരു ക്യാംപസ് സിനിമയും, രണ്ടാം പകുതിയില്‍ ഒരു മനോഹരമായ ഫാമിലി ഹാപ്പനിംഗ് സിനിമയും. 
 
നന്ദി വിനീത് ശ്രീനിവാസന്‍, അരുണിനു രണ്ടാമതും നല്കിയ ആ താക്കോല്‍ എനിക്കും തന്നതിന് . മറവിയില്‍ വലപിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ അറകള്‍ തുറക്കുവാന്‍ സഹായിച്ചതിനു, പഴയ കാലത്തെ ജീവിതത്തിന്റെ അഭിവാജ്യമായിരുന്ന കുറച്ച് മനുഷ്യരേ ഒരിക്കല്‍ കൂടി കണ്ണിനു മുന്നില്‍ എത്തിച്ചതിനു ...
 
ആന്റണി താടിക്കാരന്‍ എഴുതിയതു പോലെ എനിക്കും, ഭൂതകാലത്തിന്റെ ചുവരില്‍ കോറിയിടുവാന്‍ തോന്നി പോയി 'രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെയുണ്ടായിരുന്നു '

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments