Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇന്‍ഡിവുഡ്; 10 ബില്യണ്‍ യുഎസ് ഡോളറിന്‍റെ പദ്ധതി ഒരുങ്ങുന്നു

രാജ്യത്തെ സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇന്‍ഡിവുഡ്; 10 ബില്യണ്‍ യുഎസ് ഡോളറിന്‍റെ പദ്ധതി ഒരുങ്ങുന്നു
കൊച്ചി , ശനി, 11 നവം‌ബര്‍ 2017 (16:47 IST)
രാജ്യത്തെ സിനിമാരംഗത്തുള്ള ബിസിനസ് സാദ്ധ്യതകള്‍ തുറന്ന് കാട്ടി നിക്ഷേപകരെയും വ്യവസായികളെയും ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ഇന്‍ഡിവുഡ്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍‌ റോയിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സിനിമയുടെ ഭാവി മാറ്റിമറിക്കാന്‍ പോകുന്ന പദ്ധതിയായ ഇന്‍ഡിവുഡ് പുരോഗമിക്കുന്നത്. 
 
ഭാഷാടിസ്ഥാനത്തില്‍ പലതട്ടുകളിലായാണ് ഇന്ത്യയിലെ സിനിമാ വ്യവസായം ഇപ്പോള്‍ നിലകൊള്ളുന്നത്. ഭാഷകള്‍ക്കതീതമായി സിനിമാരംഗത്തെ ഒന്നിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സിനിമയിലെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുക, പുതിയ സിനിമകള്‍ക്കും സങ്കേതങ്ങള്‍ക്കും നിക്ഷേപ സൗഹാര്‍ദ്ദമായ സാഹചര്യം ഒരുക്കുക, സിനിമ നിര്‍മ്മാണം മുതല്‍ പ്രദര്‍ശനം, മാര്‍ക്കറ്റിംഗ് മുതല്‍ വിതരണം ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് ഇന്‍ഡിവുഡിന്റെ പ്രധാന ലക്‍ഷ്യങ്ങള്‍ - ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.
 
എണ്ണത്തില്‍ മുമ്പന്‍, വരുമാനത്തില്‍ പുറകില്‍
 
700ല്‍ താഴെ മാത്രം സിനിമകള്‍ നിര്‍മ്മിച്ചാണ് 2016ല്‍ കാനഡ-അമേരിക്ക ബോക്സ് ഓഫീസ് 11 ബില്യണ്‍ ഡോളര്‍ വരുമാനം കൊയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത് ഇന്ത്യയിലാണ്. ഒരു വര്‍ഷത്തില്‍ ഏകദേശം 1500 മുതല്‍ 2000 വരെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. എങ്കിലും വരുമാനം കുറവാണ്. ലോകസിനിമാ ഭൂപടത്തില്‍ ഇന്ത്യ ഏറെ പിന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം വിതരണ അവതരണ രീതികളില്‍ ലോകനിലവാരത്തിനൊപ്പം എത്താന്‍ സാധിക്കാത്തതാണ്. ഇവിടെയാണ് ഇന്‍ഡിവുഡിന്റെ സാധ്യതയും പ്രസക്തിയും - ഹോളിവുഡ് സംവിധായകന്‍ കൂടിയായ സോഹന്‍ റോയ് ചൂണ്ടിക്കാട്ടി.
 
ഇന്ത്യന്‍ സിനിമ വ്യവസായത്തിന്‍റെ ഇപ്പോഴുള്ള വരുമാനം 2.7 ബില്യണ്‍ ഡോളര്‍ ആണ്. ഇപ്പോഴുള്ള സാഹചര്യത്തില്‍ തന്നെ 2020ഓടെ ഇത് 3.7 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് ഡിലോയിറ്റും ഇന്‍ഡിവുഡും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് ഹോളിവുഡിനെ മറികടക്കാന്‍ ലക്‍ഷ്യമിടുന്ന സമഗ്ര പദ്ധതിക്കു വേണ്ടി കെപിഎംജി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഡിസംബര്‍ ഒന്നാം തീയതി കാര്‍ണിവല്‍ ഉദ്‌ഘാടന വേളയില്‍ അവതരിപ്പിക്കും.  
 
ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. പല ഹോളിവുഡ് സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതും ഇവിടെയാണ്. ലോകവിപണിയുടെ 40 ശതമാനവും ഇന്ത്യന്‍ സിനിമയുടെ കൈവശമാണുള്ളത്. ഇത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ലക്‍ഷ്യം ആഗോള നിലവാരം 
 
2020ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്ളെക്സ് സ്ക്രീനുകള്‍, ഒരു ലക്ഷം 2 കെ ഹോം തീയേറ്റര്‍ പ്രോജെക്ടറുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്കൂളുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/ വിഎഫ്എക്സ് സ്റ്റുഡിയോകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഇന്‍ഡിവുഡ് വിഭാവനം ചെയ്യുന്നത്. 2018 അവസാനത്തോടെ പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുമാണ് ലക്‍ഷ്യമിടുന്നത്‌.
 
സിനിമയുടെ മാമാങ്കം റാമോജിയില്‍ 
 
webdunia
ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ച് നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്‍റെ മൂന്നാം പതിപ്പില്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള 5000ല്‍ അധികം വ്യാപാരപ്രതിനിധികളും 300ല്‍ പരം പ്രദര്‍ശകരും പ്രമുഖ നിക്ഷേപകരും പങ്കെടുക്കും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ പ്രദര്‍ശനങ്ങള്‍ക്കും വിപണനത്തിനുമായി പ്രദര്‍ശന മേളകളും നടക്കും. 
 
ശതകോടീശ്വര ക്ലബ് ആരംഭിക്കുന്നു 
 
ഡിസംബര്‍ 1 ന് നടക്കുന്ന ശതകോടീശ്വരന്‍മാരുടെ ക്ലബ്ബിന്റെ ഉദ്ഘാടനമാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. അന്‍പതിലധികം ശതകോടീശ്വരന്‍മാരും 100ല്‍ അധികം രാജ്യങ്ങളിലെ വ്യവസായ പ്രമുഖരും പങ്കെടുക്കും. രാജ്യത്തെ വിനോദ വ്യവസായരംഗത്ത് വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും അത് വഴി ബിഗ് ബജറ്റ് പ്രൊജക്ടുകള്‍ ഒരുക്കുകയുമാണ് ലക്‌ഷ്യം. ഡിസംബര്‍ ഒന്നാം തീയതി പ്രിന്‍സസ് ഹാളില്‍ വൈകിട്ട് ഏഴ് മണിക്ക് ശതകോടീശ്വര ക്ലബ് ഉദ്‌ഘാടനം ചെയ്യും. 
 
ഓള്‍ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര  ചലച്ചിത്ര മേളയുടെ ഭാഗമായി 115 ല്‍ അധികം സിനിമകളും കാര്‍ണിവലില്‍ പ്രദര്‍ശിപ്പിക്കും. കലാ കായിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ പ്രശസ്ത കലാകാരന്‍‌മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക തനിമയാര്‍ന്ന കലാപരിപാടികളും അരങ്ങേറും.
 
വൈവിധ്യമാര്‍ന്ന പരിപാടികള്‍ 
 
സിനിമാലോകം കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനങ്ങള്‍, മാധ്യമ രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, ചലച്ചിത്ര ശില്പശാലകള്‍, സെമിനാറുകള്‍, പുതിയ ഉത്പ്പന്നങ്ങളുടെ വിപണനോത്ഘാടനങ്ങള്‍ തുടങ്ങിയവയ്ക്ക് കാര്‍ണിവല്‍ വേദിയാകും. 
 
യുവ കലാപ്രതിഭകള്‍ മാറ്റുരക്കുന്ന 'ടാലന്റ് ഹണ്ടി'ന്റെ ഫൈനലിനും പരസ്യം, വിദ്യാഭ്യാസം, സംഗീതം, വൈദ്യശാസ്ത്രം, ഐടി, ഹോസ്പിറ്റാലിറ്റി, മാരിടൈം, ബില്‍ഡ് ഇന്ത്യ, മാധ്യമം, ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ എന്നീ രംഗങ്ങളിലെ  സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദേശീയ ഇന്‍ഡിവുഡ് എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണവും കാര്‍ണിവലില്‍ നടക്കും 
  
അന്താരാഷ്ട്ര സിനിമ വരുന്നു - ബേര്‍ണിങ് വെല്‍‌സ്
 
webdunia
യശഃശരീരനായ ഐ വി ശശിയുടെ സ്വപ്‌നപദ്ധതിയായ ബേര്‍ണിങ് വെല്‍സിന്റെ പുതിയ വിവരങ്ങളും കാര്‍ണിവലില്‍ പുറത്തുവിടും. ലോകത്താദ്യമായി 8 കെ ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ചിത്രം കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ്. കഥ കൊണ്ടും സാങ്കേതിക തികവ് കൊണ്ടും അന്താരാഷ്ട്ര വിപണന രീതികള്‍ കൊണ്ടും ഹോളിവുഡിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയ്ക്ക് സിനിമ നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് തെളിയിക്കുക കൂടിയാണ് 175 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ലക്‍ഷ്യമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിങ്ങള്‍ സൂപ്പര്‍താരമായിരിക്കും, അതിനര്‍ത്ഥം ഈനാട് മുഴുവന്‍ നിങ്ങളുടേതാണെന്നല്ല’: ഷാരൂഖാനെ ശകാരിച്ച് ജയന്ത് പട്ടേല്‍