ജനനായകന് വീണ്ടും തിരിച്ചടി; റിലീസിന് അനുമതിയില്ല
ജനുവരി 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു
വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍റെ റിലീസ് വൈകും. റിലീസ് സംബന്ധിച്ച തീരുമാനം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ചിന് വിട്ടു. ചിത്രത്തിന് പ്രദർശാനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് പി ടി ആശയുടെ ഉത്തരവിനെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സമർപ്പിച്ച റിട്ട് അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ജനുവരി 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു. എതിര്‍ സത്യവാങ്മൂലം സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ല, ചിത്രം റവൈസിങ് കമ്മിറ്റിക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്സി ചെയർമാന്‍റെ ഉത്തരവിനെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ല തുടങ്ങിയ വാദങ്ങൾ സിബിഎഫ്സി കോടതിയിൽ ഉന്നയിച്ചു. അതേസമയം സിബിഎഫ്സി പറഞ്ഞ മാറ്റങ്ങൾ മുഴുവൻ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചു എന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും കോടതിയെ അറിയിച്ചു.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. ചിത്രം സ്റ്റേ ചെയ്ത നടപടി ആരാധകരെയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ലോകമെമ്പാടും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരിച്ചുനൽകേണ്ടി വരുന്നതിലൂടെ 50 കോടിയിലധികം രൂപയുടെ നഷ്ടമാണ് നിർമാതാക്കൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ തുടങ്ങിയവരും വിജയോടൊപ്പം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.