തിയേറ്ററുകളിലെത്തുമോ ജന നായകൻ? വിജയ് ചിത്രത്തിൻ്റെ റിലീസ് പ്രതിസന്ധിയിൽ
സംഭവത്തിൽ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്
വിജയ് ചിത്രം ജനനായകൻ റിലീസ് പ്രതിസന്ധിയിൽ. ജനുവരി ഒമ്പത് വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് ഇതുവരെ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നുവെങ്കിലും പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല.
സംഭവത്തിൽ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം സർട്ടിഫിക്കറ്റ് നൽകുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയാണെന്ന ആരോപണവുമായി തമിഴക വെട്രി കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകൾ ഉൾപ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു.
എച്ച് വിനോദ് ആണ് ചിത്രത്തിൻ്റം സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമാ ജീവിതത്തോട് വിട പറയുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രം കൂടിയാകും ജന നായകൻ. മലയാളി താരം മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്-മമിത കഥാപാത്രങ്ങളുടെ ബന്ധമാണ് സിനിമയുടെ മുഖ്യാകർഷണം. 80 കോടിയാണ് സിനിമയുടെ നിർമാണ ചെലവ്. 380 കോടിയാണ് സിനിമയുടെ ആകെ ചെലവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ട്രെയ്‌ലർ വന്നതിന് പിന്നാലെ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകൻ എന്ന വാദവും ശക്തമായിരുന്നു.