Jayaram : മലയാളികളുടെ ജനപ്രിയ നായകനായിരുന്നിട്ടും കരിയറില്‍ വലിയ ഇടവേള വന്നതിന്റെയും തുടര്‍പരാജയങ്ങളുടെ നാളുകളെ പറ്റിയും തുറന്ന് പറഞ്ഞ് നടന്‍ ജയറാം. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ കരിയര്‍ ഗ്രാഫാണ് തന്റേതെന്നും കഴിഞ്ഞ 38 വര്‍ഷമായി അത് അങ്ങനെ തന്നെയാണെന്നും ജയറാം പറയുന്നു. പല മുന്‍നിര താരങ്ങളുടെയും കരിയറും ഇപ്രകാരം തന്നെയെന്നും ജയറാം വ്യക്തമാക്കി. ഗോപിനാഥിന്റെ തമിഴ് പോഡ്കാസ്റ്റ് ഷോയിലാണ് ജയറാം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്നെ സംബന്ധിച്ച് കരിയറിന്റെ തുടക്കകാലത്ത് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പത്മരാജനെന്ന അന്നത്തെ വലിയ സംവിധായകനാണ് സിനിമയില്‍ അവതരിപ്പിച്ചത്. അപരന്‍ ഹിറ്റായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കുടുംബചിത്രങ്ങള്‍ ചെയ്യുന്ന സത്യന്‍ അന്തിക്കാട്, സിബി മലയില്‍,ഐവി ശശി, രാജസേനന്‍ തുടങ്ങിയ എല്ലാ വലിയ സംവിധായകര്‍ക്കൊപ്പവും സിനിമകള്‍ തുടര്‍ച്ചയായി ചെയ്തു. ഒരു 20 വര്‍ഷത്തോളം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ വലിയ പാഠങ്ങള്‍ നല്‍കിയ സാഹചര്യങ്ങള്‍ പിന്നീടുണ്ടായി. എല്ലാവരും അവഗണിച്ച ഘട്ടം കരിയറിലുണ്ടായി.
പ്രശസ്തിയിലേക്കുള്ള യാത്ര അവിശ്വസനീയമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പതിനഞ്ച് സിനിമകളില്‍ നായകനായി. മിക്ക മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പവും പത്തും പന്ത്രണ്ടും സിനിമകള്‍ ചെയ്തു. ആ ഹ്യാത്ര ഒരിടത്തെത്തിയപ്പോള്‍ തിരിച്ചടി നേരിടുകയും വീഴുകയും ചെയ്തു. അവിടെ നിന്ന് മുകളിലേക്ക് വരാന്‍ അത്രയേറെ കഷ്ടപ്പെട്ടു. ആ അവസരത്തില്‍ ഒരുപാട് പേര്‍ കൈവിട്ടു. ആ സമയത്ത് നമ്മള്‍ ചെയ്തതെല്ലാം തെറ്റായി വരാം. വിജയമുള്ളപ്പോള്‍ എല്ലാവരും നല്ലത് പറയും. എന്നാല്‍ കരിയറില്‍ ഒരു പരാജയം സംഭവിച്ചാല്‍ ചെയ്തതെല്ലാം തെറ്റായി വരും. അതാണ് എന്റെ പഠനകാലം.ജയറാം പറഞ്ഞു.