29മത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരീയലിന് പുരസ്‌കാരങ്ങൾ നൽകേണ്ടതില്ലെന്ന് ജൂറി.മികച്ച സീരിയൽ ഇല്ലാത്തതിനാൽ രണ്ടാമത്തെ സീരിയൽ എന്ന പുരസ്‌കാരവും നൽകേണ്ടതില്ലെന്ന് ജൂറി പ്രസ്‌താവനയിൽ പറഞ്ഞു. കേരളത്തിലെ ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നുതായും ജൂറി പറഞ്ഞു.
കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കാണുന്ന മാധ്യമെന്ന നിലയിൽ ടെലിവിഷൻ സീരിയലുകളിലെയും കോമഡി പരിപാടികളുടെയും ഉള്ളടക്കത്തിൽ ചാനലുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ജൂറി നിർദേശിച്ചു.
ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി.കലാമൂല്യം,സാങ്കേതിക മികവ് എന്നിവയുള്ള സൃഷ്ടികൾ ഇല്ലാത്തതിനാൽ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നൽകേണ്ടതില്ലെന്നതാണ് ജൂറി തീരുമാനം.