നടി കനകയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് കനക. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളിലെ കനകയുടെ പ്രകടനം മലയാളികളുടെ മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സംഘര്‍ഷഭരിതമായിരുന്നു കനകയുടെ വ്യക്തിജീവിതം. സ്വന്തക്കാര്‍ തന്നെ കനകയെ മനോരോഗിയായി മുദ്രകുത്തി. മരിച്ചുപോയെന്ന് പോലും വാര്‍ത്ത പരന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിനപ്പുറം അനുഭവിച്ച കടുത്ത യാതനകളും ദുരിതങ്ങളും തുറന്നു പറയുകയാണ് കനക ഇപ്പോള്‍. സിനിമാലോകത്തേക്ക് മടങ്ങിവരാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നതായി കനക പറയുന്നു.
കനകയുടെ വാക്കുകള്‍
ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30,32 വര്‍ഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴതായിക്കഴിഞ്ഞു. എനിക്കിപ്പോള്‍ 50 വയസായി. ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം വ്യത്യാസമായി. ഞാന്‍ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താല്‍ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. ഒരു പത്തുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഞാന്‍ പഴഞ്ചനായി. ഞാനിതിനിടയ്ക്ക് പല കാരണങ്ങളും കൊണ്ട് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് ഞാനിനി എല്ലാ വീണ്ടും പഠിക്കണം.