ഫെബ്രുവരിയിലെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളില്‍ 12 സിനിമകളും നഷ്ടമാണെന്നും 73 കോടി ആകെ മുടക്കിയപ്പോള്‍ തിയേറ്ററില്‍ നിന്നും ആകെ ലഭിച്ചത് 23 കോടി മാത്രമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഒന്നരക്കോടി രൂപ മുടക്കിയ സിനിമ തിയേറ്ററുകളില്‍ നിന്നും കളക്റ്റ് ചെയ്തത് 10,000 രൂപ മാത്രമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മാത്രമാണ് ലാഭത്തോട് ഏകദേശം അടുത്ത് നില്‍ക്കുന്ന സിനിമ. 13 കോടി രൂപ മുടക്കിയ സിനിമയ്ക്ക് തിയേറ്ററില്‍ നിന്ന് 11 കോടി രൂപ ലഭിച്ചു. 8 കോടി മുതല്‍മുടക്കിലെത്തിയ ബ്രൊമാന്‍സ് 4 കോടി തിയേറ്ററുകളില്‍ നിന്നും നേടി. ഒന്നരക്കോടി രൂപയ്‌ക്കെടുത്ത ലൗ ഡെയ്ല്‍ 10,000 രൂപ മാത്രമാണ് കളക്റ്റ് ചെയ്തത്. ധ്യാന്‍ ശ്രീനിവാസന്‍ സിനിമയായ ആപ് കൈസേ ഹോ എന്ന സിനിമ രണ്ടരകോടി മുതല്‍മുടക്കിലെത്തി 5 ലക്ഷം രൂപ മാത്രമാണ് തിരിച്ചുപിടിച്ചത്. ഓരോ സിനിമയുടെയും ബജറ്റും കളക്ഷന്‍ തുകയും അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. തിയേറ്ററുകളില്‍ നിന്നും ലഭിച്ച കളക്ഷനില്‍ നിന്നും വിനോദ നികുതി അടക്കമുള്ള തുക ഓഴിവാക്കിയതിന് ശേഷമുള്ള തിയേറ്റര്‍ നെറ്റ് കളക്ഷനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്.