Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെജിഫിലെ ദീപ ഹെഗ്‌ഡെ,ശബ്ദം നല്‍കിയത് മാല പാര്‍വതി, നടിയുടെ കുറിപ്പ്

കെജിഫിലെ ദീപ ഹെഗ്‌ഡെ,ശബ്ദം നല്‍കിയത് മാല പാര്‍വതി, നടിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്

, ശനി, 23 ഏപ്രില്‍ 2022 (14:08 IST)
കെജിഫ് എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോളിവുഡിലെ പ്രമുഖര്‍ തന്നെ. സിനിമയുടെ മലയാളം സംഭാഷണങ്ങള്‍ ഒരുക്കിയത് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനായിരുന്നു. ചിത്രത്തിലെ മാളവിക അവിനാഷ് അവതരിപ്പിച്ച ദീപ ഹെഗ്‌ഡെ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് മാല പാര്‍വതിയായിരുന്നു.മാളവിക എന്ന നടിയുടെ വ്യക്തിത്വം വളരെ ആത്മവിശ്വാസമുള്ള, ഒരു മാധ്യമത്തിന്റെ തലപ്പത്ത് ഇരിക്കുന്ന സ്ത്രീ ആണ്. 
അങ്ങനെ ഒരു മാനസികാവസ്ഥയിലേക്ക് എത്തി ചേരാന്‍ എനിക്ക് സമയമെടുത്തു. എന്നെക്കാള്‍ കൂടുതല്‍ ശങ്കറിന് എന്റെ മേലുള്ള വിശ്വാസം കൊണ്ടാണ് അത് ചെയ്യാന്‍ സാധിച്ചതെന്ന് മാലാ പാര്‍വതി പറഞ്ഞു.
 
മാലാ പാര്‍വതിയുടെ വാക്കുകള്‍
 
പ്രിയപ്പെട്ട ശങ്കര്‍ രാമകൃഷ്ണന്‍! സുഹൃത്ത് എന്നൊക്കെ ശങ്കറിനെ കുറിച്ച് പറയാന്‍ സാധിക്കുന്നത് വലിയ ഒരു ഭാഗ്യമാണ്. ശങ്കര്‍ എല്ലാ അര്‍ത്ഥത്തിലും, പ്രതിഭയാണ്! KGF എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ഡബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ ശങ്കര്‍ ഉണ്ടല്ലോ എന്നതായിരുന്നു സമാധാനം.
 
'Perfection' 'Perfection' 'Perfection' I love perfection. അതാണ് ശങ്കറിന്റെ ഒരു ലൈന്‍. ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് കയറുന്നത് വരെ സുഹൃത്ത് ആയിരിക്കുന്ന ശങ്കര്‍.. കണ്‍സോളില്‍ മറ്റൊരു ആള്‍ ആണ്. നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ നില്‍ക്കുന്ന എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍.
മാളവിക അവിനാഷ് അവതരിപ്പിച്ച ദീപ ഹെഗ്‌ഡെ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് എന്റെ ശബ്ദം ഉപയോഗിക്കാമെന്ന തീരുമാനം വന്നത്. മാളവിക എന്ന നടിയുടെ വ്യക്തിത്വം വളരെ ആത്മവിശ്വാസമുള്ള, ഒരു മാധ്യമത്തിന്റെ തലപ്പത്ത് ഇരിക്കുന്ന സ്ത്രീ ആണ്. 
അങ്ങനെ ഒരു മാനസികാവസ്ഥയിലേക്ക് എത്തി ചേരാന്‍ എനിക്ക് സമയമെടുത്തു. എന്നെക്കാള്‍ കൂടുതല്‍ ശങ്കറിന് എന്റെ മേലുള്ള വിശ്വാസം കൊണ്ടാണ് അത് ചെയ്യാന്‍ സാധിച്ചത്.
 
എന്റെ ആദ്യത്തെ ഡബ്ബിംഗ് ഭാഗ്യലക്ഷ്മി ചേച്ചി തന്ന അവസരമാണ്. M.A Nishad സംവിധാനം ചെയ്ത പകല്‍ എന്ന സിനിമക്ക് വേണ്ടി ആയിരുന്നു അത്. ശ്വേത മേനോന്‍ അവതരിപ്പിച്ച കളക്ടര്‍ കഥാപാത്രത്തിനു വേണ്ടി ആയിരുന്നു അത്. ഭാഗ്യലക്ഷ്മി ചേച്ചി ഡബ്ബിംഗില്‍ ഒരു ലെജന്‍ഡ് ആണ്. സ്വന്തമായി ശബ്ദം നല്‍കാന്‍ മാത്രമല്ല നന്നായി പഠിപ്പിച്ചും തരും. പകല്‍ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത Note book എന്ന സിനിമയില്‍ ജയ മുരളി എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കി. I.G എന്ന സിനിമയിലും എനിക്ക് ഡബ്ബിംഗ് ചെയ്യാന്‍ സാധിച്ചു.
പക്ഷേ, ഇതിലൊക്കെ ഭാഗ്യലക്ഷ്മി ചേച്ചി അടുത്ത് ഉണ്ടായിരുന്നു.
 
അങ്ങനെ ഇരിക്കുമ്പോള്‍, 2006ല്‍ ആണെന്ന് തോന്നുന്നു.. സംവിധായകന്‍ രഞ്ജിത്ത് സാര്‍ എന്നെ വിളിച്ചു. കൊച്ചിയിലെ ലാല്‍ മീഡിയയില്‍ എത്താന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍.. കൈയ്യൊപ്പ് എന്ന ചിത്രത്തിന് ഖുശ്ബൂന് ശബ്ദം നല്‍കാനാണ്. 
എനിക്ക് ഭയങ്കര പേടി ആയി. ഡബ്ബിംഗ് തുടങ്ങി.. ഒന്നര മണിക്കൂര്‍ ആയിട്ടും 'Hello Mr Ramachandran' ശെരി ആക്കാന്‍ സാധിച്ചില്ല.
ഞാന്‍ ഇപ്പൊ വരാമെന്ന് പറഞ്ഞു പുറത്തിറങ്ങി. ഒരു ഓട്ടോ വിളിച്ച് സ്റ്റേഷനില്‍ പോയി. ഭാഗ്യത്തിന് അപ്പോ തിരുവനന്തപുരത്തേക്ക് ഒരു ട്രെയിന്‍. അതില്‍ കയറിയിട്ട് ഞാന്‍ രഞ്ജി സാറിനെ വിളിച്ചു.'ഞാന്‍ ട്രെയിനിലാണ് എന്ന് പറഞ്ഞു. 'നീ പോയ?' എന്ന് ചോദിച്ചു. എന്നെ കൊണ്ട് നടക്കില്ല എന്ന് പറഞ്ഞു തടി തപ്പി. പിന്നീടത് വിമ്മി മറിയം ആണ് ചെയ്തത്. സ്റ്റേറ്റ് അവാര്‍ഡും കിട്ടി വിമ്മിക്ക്.
 
2007-ല്‍ Time എന്ന സിനിമ, 2009 - നീലത്തമര, അപൂര്‍വരാഗങ്ങള്‍ ഇതില്‍ ഒക്കെ അഭിനയിച്ചപ്പോഴും, എന്റെ കഥാപാത്രത്തിനു ഞാന്‍ അല്ല ശബ്ദം നല്‍കിയത്.
 
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തില്‍, ഒരു ജഡ്ജിന്റെ വേഷം ആണ് ഞാന്‍ ചെയ്തത് അതില്‍ ഞാന്‍ തന്നെ എനിക്ക് ശബ്ദം നല്‍കി. രഞ്ജിത്ത് സാറിന്റെ സാന്നിധ്യത്തില്‍ തന്നെ.
 
വര്‍ഷങ്ങള്‍ക്ക് ശേഷം അന്യ ഭാഷ ചിത്രങ്ങളില്‍ അടക്കം എന്റെ ശബ്ദം ഉപയോഗിക്കുന്നു. (Game Over, FIR) അത് പോലെ വിശേഷണങ്ങള്‍ക്കും മേലെ നില്‍ക്കുന്ന KGF2 എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രത്തിന് ശബ്ദം നല്‍കാന്‍ സാധിച്ചത് എന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് എന്ന് ഞാന്‍ കരുതുന്നു. പല സിനിമകളിലെ സംവിധായകര്‍ എന്നെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതിലൂടെ ഞാനും പഠിക്കുന്നുണ്ടായിരുന്നു. F.I.R ന്റെ സംവിധായകന്‍ Manu Anand - നെ പ്രത്യേകം ഓര്‍ക്കുന്നു. മുഴു നീള കഥാപാത്രമായിട്ടും, ഭാഷ തമിഴ് ആയിട്ടും അദ്ദേഹം എന്നെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിച്ചു.
 
KGF 2 ലേക്ക് വന്നാല്‍, ദീപ ഹെഗ്‌ഡെയെ മനസ്സിലാക്കാന്‍ എനിക്ക് ഏറെ സമയമെടുത്തു. ഓഫീസിലെ peon നോട് അധികാരത്തില്‍ 'എയ്യ്' എന്ന് പറയുമ്പോള്‍, പാര്‍വതി എന്ന വ്യക്തിയുടെ സ്വഭാവം ഇടയില്‍ കയറി ഒരു സോഹര്‍ദം വരുമാ യിരുന്നു.'എന്നെ' മാറ്റി കഥാപാത്രം ആകാന്‍ സാധിച്ചത് ശങ്കര്‍ കാരണമാണ്.
 
ബാംഗ്ലൂരിലെ കാലാവസ്ഥയില്‍ ശബ്ദം അടഞ്ഞു പോയ എനിക്ക്, ആത്മവിശ്വാസം പകര്‍ന്ന് ആവി പിടിക്കാം, ഗാര്‍ഗ്ഗില്‍ ചെയ്യാം എന്നൊക്കെ പറഞ്ഞു സഹായിച്ച് കൂടെ നിന്നത് അരുണ്‍ ആണ്. യാഷ് ന് ശബ്ദം നല്‍കിയ അതെ അരുണ്‍.
അഭിനയം എന്ന കലയെ കുറിച്ച് എന്ത് പറയുമ്പോഴും ഞാന്‍ എത്തി ചേരുന്നത് Jyothish Mg യിലാണ്. അഭിനയം എന്ന കലയെ കുറിച്ച്, അതിന്റെ സാധ്യതകളെ കുറിച്ച്, എത്തിചേരാനുള്ള ഇടങ്ങളെ കുറിച്ച്, സ്വന്തം പരിമിതികളെ കുറിച്ച് നിരന്തരം പറഞ്ഞ് തന്ന്, ശ്വാസവും അഭിനയവും ഒന്നാക്കി മാറ്റാന്‍ എന്നെ പഠിപ്പിച്ച എന്റെ ഗുരുവില്‍.
 
വലിയ നന്ദി. എല്ലാവരോടും. മുന്നില്‍ വരുന്ന അവസരങ്ങളോടും. പ്രയത്‌നിക്കാന്‍ പറ്റുന്ന നിമിഷങ്ങളോടും..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോണ്‍ പോളിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാലോകം