Kollam Sudhi: നടനും ടെലിവിഷന്‍ താരവുമായ കൊല്ലം സുധിയുടെ മരണവാര്‍ത്ത മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തൃശൂരില്‍ നടന്ന വാഹനാപകടത്തിലാണ് സുധി മരിച്ചത്. കയ്പമംഗലം പനമ്പിക്കുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കൊല്ലം സുധി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മറ്റ് കാര്‍ യാത്രക്കാരായ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനാപകടം നടന്ന ഉടനെ സുധിയെ ആശുപത്രിയിലെത്തിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് സുധിക്ക് ഓര്‍മയുണ്ടായിരുന്നു. തനിക്ക് നെഞ്ചില്‍ വല്ലാത്ത അസ്വസ്ഥതയും ഭാരവും തോന്നുന്നുണ്ടെന്ന് സുധി ആശുപത്രിയിലെത്തിയ ശേഷം പറഞ്ഞു. വിദഗ്ധ ചികിത്സകള്‍ക്ക് വിധേയനാകും മുന്‍പ് സുധി മരിക്കുകയും ചെയ്തു. അപകടത്തില്‍ സുധിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പിക്കപ്പ് വാനിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോഴിക്കോട് വടകരയില്‍ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' ആണ് ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.