പ്രശ്നങ്ങള്‍ പരിഹരിച്ചു, കോട്ടയം കുഞ്ഞച്ചന്‍ 2 സംഭവിക്കും - മമ്മൂട്ടിയുടെ മാസ് ഷോയ്ക്കായി കാത്തിരിക്കൂ....

ബുധന്‍, 11 ഏപ്രില്‍ 2018 (19:14 IST)
കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ ആഹ്ലാദത്തോടെയാണ് കേട്ടത്. അവര്‍ അത്രയേറെ പ്രതീക്ഷയര്‍പ്പിച്ച ഒരു പ്രൊജക്ടാണ് അത്. എന്നാല്‍ അതിന് ശേഷം കോട്ടയം കുഞ്ഞച്ചന്‍റെ നിര്‍മ്മാതാവ് എം മണി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കുഞ്ഞച്ചന്‍ വീണ്ടും വരാനുള്ള സാധ്യത മങ്ങി. ഇപ്പോള്‍ എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കുന്നു എന്നതാണ് പുതിയ വിവരം. കോട്ടയം കുഞ്ഞച്ചന്‍ 2 സംഭവിക്കും. നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. 
 
തന്‍റെ അനുവാദമില്ലാതെ എങ്ങനെ രണ്ടാം ഭാഗം ചെയ്യുമെന്നായിരുന്നു എം മണിയുടെ ചോദ്യം. അത് ന്യായമായ കാര്യം തന്നെയാണ്. നിര്‍മ്മാതാവിന്‍റെ സമ്മതമില്ലാതെ ചിത്രത്തിന് തുടര്‍ച്ച ചെയ്യാന്‍ കഴിയില്ല. എന്നാല്‍ അനുമതി നേരത്തേ ചോദിച്ചിരുന്നുവെന്നും വാക്കാല്‍ അനുമതി തന്നിരുന്നു എന്നുമായിരുന്നു കുഞ്ഞച്ചന്‍ 2ന്‍റെ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ വാദം. അനുവാദം രേഖാമൂലം വാങ്ങാതിരുന്നതിന്‍റെ പ്രശ്നമാണ് സംഭവിച്ചത്. എന്തായാലും പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. മിഥുന്‍ മാനുവല്‍ തോമസ് ആണ് കോട്ടയം കുഞ്ഞച്ചന്‍ 2 സംവിധാനം ചെയ്യുന്നത്.
 
വിജയ് ബാബുവിന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം: 
 
നമസ്കാരം .... 
'കോട്ടയം കുഞ്ഞച്ചന്‍2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു...
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചന്‍2' എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തും 
കോട്ടയം കുഞ്ഞച്ചന്‍ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാര്‍ക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു... ഒപ്പം രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ആവേശത്തോടെ കൂടെ നിന്ന എല്ലാര്‍ക്കും, അതോടൊപ്പം ടൈറ്റില്‍ വിവാദം ഉണ്ടായപ്പോള്‍ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞ ട്രോളന്മാര്‍ക്കും നന്ദി ....
ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കുന്നതാണ്....

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിഷുവിന് ‘മോ​ഹ​ൻ​ലാ​ൽ’ പെട്ടിയിലിരിക്കും; മഞ്ജു വാരിയർ ചിത്രത്തിന്റെ റിലീസിനു സ്റ്റേ