Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുകുമാരക്കുറുപ്പ് മുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയിലേക്ക് തന്നെയാണ്:സനല്‍ കുമാര്‍ ശശിധരന്‍

സുകുമാരക്കുറുപ്പ് മുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയിലേക്ക് തന്നെയാണ്:സനല്‍ കുമാര്‍ ശശിധരന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 12 ഒക്‌ടോബര്‍ 2022 (15:06 IST)
കേരളം കണ്ട ആദ്യത്തെ അംഗീകൃത മാനിപ്പുലേറ്ററായ സുകുമാരക്കുറുപിനെ നിറം പിടിപ്പിക്കുന്ന സിനിമയാണ് 'കുറുപ്പ്'എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.കേരളത്തെ നരബലിയുടെ മാര്‍ഗത്തിലേക്ക് തിരിച്ചുവിടുകയാണ് സുകുമാരക്കുറുപ്പ് ചെയ്തതെന്നും സംവിധായകന്‍ പറഞ്ഞു.
 
സനല്‍ കുമാര്‍ ശശിധരന്റെ വാക്കുകള്‍
 
രണ്ടു ദിവസം മുമ്പ് 'കുറുപ്പ്' എന്ന സിനിമ കണ്ടു. എണ്‍പതുക്കളുടെ മധ്യത്തോടെ പിടികിട്ടാപ്പുള്ളിയായി മലയാളമനസിന്റെ ആഴമറിയാത്ത ഉള്ളറകളിലേക്ക് അലിഞ്ഞു ചേര്‍ന്ന, കേരളം കണ്ട ആദ്യത്തെ അംഗീകൃത മാനിപ്പുലേറ്റര്‍ ആയ സുകുമാരക്കുറുപിനെ നിറം പിടിപ്പിക്കുന്ന സിനിമ. ഈ സിനിമയുടെ മെറിറ്റിനെ കുറിച്ചല്ല ഈ കുറിപ്പ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറും സുകുമാരക്കുറുപ്പിന്റെ ഉള്ളിലേക്ക് ടോര്‍ച്ചടിക്കുന്ന ഒരു സിനിമയെടുത്തിട്ടുണ്ട്. 'പിന്നെയും' എന്നാണ് പേര്. 'കുറുപ്പ്' സുകുമാരക്കുറുപ്പിന് ഹീറോയിസം നല്‍കുമ്പോള്‍ 'പിന്നെയും' അയാളെ ആത്മീയ വെളിച്ചത്തില്‍ വൈക്കോലിട്ട് കത്തിക്കുന്നു. നിഷ്‌കളങ്കനായ ഒരു വഴിപോക്കനെ ചതിച്ചു കൊന്ന് പെട്രോളോഴിച്ച് കത്തിച്ച ശേഷം മരിച്ചത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കുല്‍സിത ബുദ്ധിയെ എന്തുകൊണ്ടാവും മലയാള സിനിമ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കുന്നതും ഒരു ക്രിമിനല്‍ മാനിപ്പുലേറ്റര്‍ എന്നതിനപ്പുറം അയാളില്‍ ഹീറോയിസവും ആത്മീയ പരിവേഷവും കണ്ടെത്താന്‍ ശ്രമിക്കുന്നതും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സിനിമ എന്നത് സമൂഹത്തിന്റെ കിടക്കയില്‍ പുളയ്ക്കുന്ന രതി തന്നെയാകയാല്‍ സമൂഹം എന്ത് ചിന്തിക്കുന്നുവോ അത് തന്നെയാണ് സിനിമയിലും കാണുന്നത്. സിനിമയിലുള്ള സിഗരറ്റിനെയും മദ്യത്തെയും വയലന്‍സിനെയും നിയമപരമായ വാണിംഗ് മെസേജുകള്‍ കൊണ്ട് തടയാന്‍ ശ്രമിചിട്ടും അതിനെയൊന്നും സമൂഹത്തില്‍ ഇല്ലാതാക്കാന്‍ കഴിയാത്തതിന് കാരണം അതൊക്കെ സിനിമയില്‍ വരുന്നത് സമൂഹത്തില്‍ നിന്നായത് കൊണ്ടാണ്. സുകുമാരക്കുറുപ്പ് എന്ന മാനിപ്പുലേറ്ററിനോടുള്ള ആഭിമുഖ്യം മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും സിനിമയില്‍ തെളിയുന്നത് എത്രമാത്രം ആഴത്തില്‍ അയാള്‍ നമ്മുടെ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയാണ്. സൂക്ഷിച്ചു നോക്കിയാല്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ നവോത്ഥാന കേരളത്തിന്റെ രാഷ്ട്രീയത്തെയും അതുവഴി അധികാരവഴികളെയും നയിച്ചത് മാനിപ്പുലേഷന്‍ തന്നെയാണ് എന്നു കാണാം. ISRO ചാരക്കേസ് മുതല്‍ സോളാര്‍ സരിതക്കേസ് വരെയുള്ള മാനിപ്പുലേഷനുകളാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതികളെ ഇന്നത്തെ നിലയിലെത്തിച്ചത്. വളരെ സൂക്ഷ്മതയോടെ അണിയിച്ചൊരുക്കിയ കെട്ടുകഥകള്‍ കൊണ്ട് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും (ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓര്‍ക്കുന്നു) അപമാനവീകരിച്ചുകൊണ്ടാണ് കേരളത്തെ ഇങ്ങനെ ആക്കിത്തീര്‍ത്തത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് മുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയിലേക്ക് തന്നെയാണെന്ന് എനിക്ക് തോന്നിപ്പോവുന്നു. അയാള്‍ സ്വസ്ഥമായി അവിടിരുന്ന് മാനിപ്പുലേറ്റര്‍മാരെ നവോത്ഥാന നായകന്‍മാരും താരങ്ങളും ദൈവങ്ങളുമൊക്കെയാക്കി കേരളത്തെ നരബലിയുടെയും നരകജീവിതത്തിന്റെയും മാര്‍ഗത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

deleted scene|'വെന്ത് തനിന്തതു കാട്' നിന്നും ഒഴിവാക്കി, രണ്ട് മിനിറ്റ് കൂടുതല്‍ ദൈര്‍ഘ്യം വരുന്ന ആ രംഗം