അറബിക്കഥയ്ക്കും ഡയമണ്ട് നെക്‌ലെയ്‌സിനും ശേഷം ദുബായ് പശ്ചാത്തലമാകുന്ന പുതിയൊരു ചിത്രവുമായി ലാൽജോസ് വീണ്ടുമെത്തുകയാണ്. സൗബിനും മംമ്തയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. പൂർണമായ ഗൾഫ് പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയായിരിക്കും ഇത്. റാസല്‍ഖൈമയിലാണ് ഷൂട്ടിംഗ്.
മ്യാവൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സലിം കുമാറും ഹരിശ്രീ യൂസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്‌ലെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഡോ. ഇഖ്ബാൽ കുറ്റിപ്പുറവുമായി സംവിധായകൻ വീണ്ടും എത്തുമ്പോൾ പ്രതീക്ഷകൾ വലുതാണ്.
സൗബിനും മംമ്തയും ഭാര്യാഭർത്താക്കന്മാരായി എത്തുന്ന ചിത്രത്തിൽ മൂന്ന് കുട്ടികളും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ലാൽജോസും മംമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം.