മലയാള സിനിമയില്‍ ഏറെക്കാലത്തിന് ശേഷമെത്തുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന പരീക്ഷണമായിരുന്നു മമ്മൂട്ടി ചിത്രമായ ഭ്രമയുഗം. ഭൂതകാലത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ സിനിമയെന്ന നിലയില്‍ റിലീസിന് മുന്‍പ് തന്നെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം വലിയ പ്രശംസയാണ് സിനിമയ്ക്കും അതിനകത്തെ അഭിനേതാക്കള്‍ക്കും ലഭിക്കുന്നത്.
ചിത്രത്തില്‍ പ്രധാനമായും 3 കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. മമ്മൂട്ടി,അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളാണ് സിനിമയിലേത്. ഇതിലെ അര്‍ജുന്‍ അശോകന്‍ ചെയ്ത കഥാപാത്രമായി ആദ്യം തെരെഞ്ഞെടുത്തത് ആസിഫ് അലിയെ ആയിരുന്നെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം അത് അര്‍ജുനിലേക്ക് എത്തുകയായിരുന്നു. ഭ്രമയുഗത്തിലെ വേഷം നഷ്ടമായത് ആസിഫിന് വലിയ നഷ്ടമാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണമാണെന്നും തനിക്കും അത്തരത്തില്‍ ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്യേണ്ടിയിരുന്ന ഒരു കഥാപാത്രം നഷ്ടമായിട്ടുണ്ടെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു. ഹോം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണത്. സിനിമ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടിയത്. എന്നാല്‍ അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. ഇക്കാര്യങ്ങളില്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും. പടം നന്നായി വര്‍ക്കായി.എല്ലാവര്‍ക്കും ഇഷ്ടമായി. അത് പോയെന്ന് കരുതി ടെന്‍ഷനടിച്ച് ഇരിക്കാനാവില്ലല്ലോ അടുത്ത പടത്തില്‍ പിടിക്കാമെന്നാണ് കരുതുക. അര്‍ജുന്‍ അശോകന്‍ പറഞ്ഞു.