ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക - ചാപ്റ്റർ വൺ: ചന്ദ്ര മലയാളത്തിലെ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായിരിക്കുകയാണ് 'ലോക'. 142 കോടി നേടിയ എമ്പുരാനാണ് വിദേശ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്തുള്ള മലയാള ചിത്രം.
മോഹൻലാൽ ചിത്രമായ തുടരുമിനെയാണ് ലോക തകർത്തിരിക്കുന്നത്. 93.80 കോടി നേടിയ തുടരും ആണ് വിദേശത്ത് നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചിത്രം. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്.
റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. രണ്ടാഴ്ച കൊണ്ട് സിനിമ 200 കോടി കളക്ഷൻ നേടി.
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് "ലോക" നേടിയത്.