Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് ഇപ്പോഴും എം.ടി. 'സാറാണ്'

മമ്മൂട്ടിക്ക് ഇപ്പോഴും എം.ടി. 'സാറാണ്'
, വ്യാഴം, 15 ജൂലൈ 2021 (13:20 IST)
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് മമ്മൂട്ടിയും എം.ടി.വാസുദേവന്‍ നായരും. ഇരുവരും ഒന്നിച്ചപ്പോള്‍ മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ പിറന്നു. ഇന്ന് എം.ടി. തന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ഹൃദ്യമായ ഭാഷയില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി. 
 
മമ്മൂട്ടിക്ക് എം.ടി.വാസുദേവന്‍ നായരുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. സിനിമയില്‍ ഇരുവരും വളരെ മുതിര്‍ന്ന കലാകാരന്‍മാരും ആണ്. എന്നാല്‍, ഇത്ര വര്‍ഷത്തെ അടുപ്പമുള്ളപ്പോഴും മമ്മൂട്ടി വളരെ ബഹുമാനത്തോടെയാണ് എം.ടി. എന്ന തിരക്കഥാകൃത്തിനെ കാണുന്നത്. മമ്മൂട്ടി 'സാര്‍' എന്ന് അഭിസംബോധന ചെയ്യുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് എം.ടി.വാസുദേവന്‍ നായര്‍. 'പ്രിയപ്പെട്ട എംടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഗുരുവിന്റെ മുന്നില്‍ നില്‍ക്കുന്ന ശിഷ്യനെപ്പോലെയാണ് താന്‍ എം.ടി.ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് പല വേദികളിലും മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. 
 
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകളുടെയെല്ലാം തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായരാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഒരു വടക്കന്‍ വീരഗാഥ, സുകൃതം, പഴശ്ശിരാജ തുടങ്ങിയ മികച്ച സിനിമള്‍ മമ്മൂട്ടി-എം.ടി. കൂട്ടുകെട്ടില്‍ പിറന്നവയാണ്. 

മമ്മൂട്ടിക്ക് വേണ്ടിയാണോ തിരക്കഥകള്‍ എഴുതുന്നതെന്ന് പലരും എംടിയോട് ചോദിക്കാറുണ്ട്. എന്നാല്‍, അതിനുള്ള മറുപടി എംടി തന്നെ ഒരിക്കല്‍ നല്‍കി. 
 
മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ട് ഇതുവരെ താന്‍ ഒന്നും എഴുതിയിട്ടില്ലെന്നാണ് എംടി പറയുന്നത്. 'മമ്മൂട്ടിയെ ഉദ്ദേശിച്ച് ഒന്നും എഴുതാറില്ല. ഇന്ന നടന്റെ ഡേറ്റ് ഉണ്ട്. അയാള്‍ക്ക് പറ്റിയ സിനിമ ചെയ്യാം എന്ന് ആരും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. ഐ.വി.ശശിയോ ഹരിഹരനോ അങ്ങനെയൊരു കാര്യം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കുകയുമില്ല. മമ്മൂട്ടിയെ മനസില്‍ കണ്ട് ഒന്നും എഴുതിയിട്ടില്ല. പക്ഷേ, എഴുതി കഴിയുമ്പോള്‍ അത് മമ്മൂട്ടിക്ക് ചേരുന്ന കഥാപാത്രമാകുന്നു. കഥാപാത്രത്തിനു ഞാന്‍ നല്‍കുന്ന രൂപവും ഘടനയും ആകൃതിയും സംസാരവും ചലനശേഷിയുമൊക്കെ ഉണ്ട്. അതെല്ലാം കൃത്യമായി മമ്മൂട്ടിയില്‍ കാണുന്നു. അങ്ങനെയാണ് സിനിമകള്‍ ചെയ്യുന്നത്,' എം.ടി. പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Photos| മാലിക് സംവിധായകന്‍ മഹേഷ് നാരായണനോട് കടപ്പെട്ടിരിക്കുന്നുവെന്ന് വിനയ് ഫോര്‍ട്ട്, ലൊക്കേഷന്‍ ചിത്രങ്ങള്‍