Publish Date: Tue, 16 Jan 2018 (17:36 IST)
Updated Date: Tue, 16 Jan 2018 (17:38 IST)
കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനായി അരങ്ങേറുകയാണ്. ഒരു സിംഹഗര്‍ജ്ജനം പോലെയാണ് പ്രണവിന്‍റെ വരവ്. 20 കോടിയോളം മുതല്‍മുടക്കുള്ള സിനിമയാണ് പ്രണവ് നായകനാകുന്ന ‘ആദി’. ത്രില്ലര്‍ സിനിമകളുടെ രാജാവായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നു. ചിത്രം ജനുവരി 26ന് പ്രദര്‍ശനത്തിനെത്തും.
കായികാഭ്യാസങ്ങളും ആയോധനമുറകളും ആവശ്യപ്പെടുന്ന കേന്ദ്രകഥാപാത്രമായി പ്രണവ് പൂര്‍ണമായും മാറിയിരിക്കുന്നു. പാര്‍ക്കര്‍ പോലെയുള്ള കായികാഭ്യാസങ്ങളില്‍ വിദഗ്ധനായ പ്രണവിന് ഷൂട്ടിംഗിന്‍റെ അവസാനസമയത്ത് പരുക്കുപറ്റിയിരുന്നു. എട്ടോളം സ്റ്റണ്ട് രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും ഒന്നാന്തരം പാട്ടുകളുമെല്ലാമുള്ള ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് ആദി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൌതുകം ഇതിലൊന്നുമല്ല. പ്രണവിന്‍റെ ആദിക്ക് ഏറ്റുമുട്ടാനുള്ളത് ഇന്ത്യന്‍ സിനിമയിലെ അതികായനായ മമ്മൂട്ടിയുടെ ‘സ്ട്രീറ്റ് ലൈറ്റ്സ്’ എന്ന ചിത്രത്തോടാണ്. ഷാംദത്ത് സംവിധാനം ചെയ്യുന്ന ഈ ത്രില്ലറില്‍ ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
മോഹന്‍ലാലിന്‍റെ എതിരാളിയായി മമ്മൂട്ടി വരുന്നതും ഇരുവരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നതുമൊക്കെ സ്വാഭാവിക ചിത്രമായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലിന്‍റെ മകനും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും എന്നൊരു ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. മമ്മൂട്ടിയെ വീഴ്ത്താന്‍ പ്രണവിന് കഴിയുമോ? കാത്തിരിക്കാം.