ചിമ്പു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഈശ്വരൻ'. ഒരൊറ്റ ഷെഡ്യൂളിൽ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ടീം അടുത്തിടെ ടീസറും പങ്കുവെച്ചിരുന്നു. ചിത്രം പൊങ്കലിന് റീലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകാനാണ് സാധ്യത. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമൊരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. ആക്ഷൻ സീക്വൻസുകളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. ആരാധകർക്ക് തിയറ്ററുകളിൽ ആഘോഷിക്കാനുള്ള വക തരുമെന്ന് പ്രതീക്ഷിക്കുന്നു.
സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നിധി അഗർവാളാണ് നായിക. മാധവ് മീഡിയയും ഡി കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ചു ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത 'കോബ്ര'യും പൊങ്കൽ റിലീസായി ഒരുങ്ങുന്നുണ്ട് എന്നാണ് വിവരം. വിജയുടെ മാസ്റ്റർ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.