മലയാള സിനിമയുടെ വലിയ ബിസിനസ് കാലങ്ങളിലൊന്നാണ് ക്രിസ്മസ്. വമ്പന്‍ റിലീസുകള്‍ എല്ലാ ക്രിസ്മസ് കാലത്തും ഉണ്ടാകാറുണ്ട്. ഇത്തവണത്തെ ക്രിസ്മസിനും മലയാളത്തില്‍ നിന്ന് ഒരു വലിയ റിലീസുണ്ട്.
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാസ്റ്റര്‍ പീസ് ഡിസംബര്‍ 20ന് ശേഷം പ്രദര്‍ശനത്തിനെത്തും. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. 15 മുതല്‍ 20 കോടി രൂപ വരെയാണ് ഈ സിനിമയ്ക്ക് മുതല്‍മുടക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാസ്റ്റര്‍ പീസിനെ എതിര്‍ക്കാന്‍ മോഹന്‍ലാല്‍ വരില്ല എന്നതാണ് ഏറ്റവും വലിയ വാര്‍ത്ത. ഇത്തവണ മോഹന്‍ലാലിന് ക്രിസ്മസ് റിലീസ് ഇല്ല. ക്രിസ്മസിന് പ്രതീക്ഷിച്ചിരുന്ന ഒടിയന്‍റെ റിലീസ് നീണ്ടുപോയതാണ് പ്രശ്നമായത്.
മോഹന്‍ലാല്‍ ചെയ്യുന്നതെല്ലാം ബിഗ് ബജറ്റ് സിനിമകളായതുകൊണ്ട് ക്രിസ്മസ് കാലത്തേക്ക് പെട്ടെന്ന് ഉള്‍പ്പെടുത്താന്‍ പറ്റിയ പ്രൊജക്ടുകളുമില്ല. അതുകൊണ്ടുതന്നെ ഈ ക്രിസ്മസ് കാലം മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശയുടേതായിരിക്കും.
എന്നാല്‍ മോഹന്‍ലാല്‍ ഇല്ല എന്നുകരുതി മാസ്റ്റര്‍ പീസിന് വെല്ലുവിളികളില്ല എന്നു പറയാനാവില്ല. പൃഥ്വിരാജ് നായകനാകുന്ന വിമാനം എന്ന ചിത്രം ക്രിസ്മസിനെത്തുന്നുണ്ട്. ജയസൂര്യയുടെ ആട് 2 ക്രിസ്മസ് റിലീസാണ്.
ഏറെക്കാലമായി മലയാളികള്‍ കാത്തിരിക്കുന്ന പൂമരം എന്ന സിനിമയും ക്രിസ്മസിനെത്തും. ജയറാമിന്‍റെ പുത്രന്‍ കാളിദാസ് നായകനാകുന്ന സിനിമ ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം മായാനദിയും ക്രിസ്മസ് യുദ്ധത്തിന് തയ്യാറായിക്കഴിഞ്ഞു.
നിവിന്‍ പോളിയുടെ ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡ് ആണ് മറ്റൊരു വന്‍ പ്രതീക്ഷ. ത്രിഷയാണ് ഈ സിനിമയിലെ നായിക. ടോവിനോയുടെ അഭിയുടെ കഥ അനുവിന്‍റെയും, വിനീത് ശ്രീനിവാസന്‍റെ ആന അലറലോടലറല്‍, ബിജു മേനോന്‍റെ റോസാപ്പൂ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൌ’ എന്നിവയും ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും.
അതുകൊണ്ടുതന്നെ, മമ്മൂട്ടിക്കും മാസ്റ്റര്‍ പീസിനും വലിയ പോരാട്ടം നടത്തിയാല്‍ മാത്രമേ ഇത്തവണത്തെ ക്രിസ്മസ് കാല ബോക്സോഫീസ് തന്‍റെ പേരിനൊപ്പം ചേര്‍ക്കാനാവൂ. മമ്മൂട്ടിച്ചിത്രത്തിന് അത് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.