Publish Date: Tue, 27 Jul 2021 (16:20 IST)
Updated Date: Tue, 27 Jul 2021 (16:24 IST)
നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഗാര്‍ഹിക പീഡനമെന്ന ആരോപണം തനിക്കില്ലെന്ന് മേതില്‍ ദേവിക. മുകേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്നും ദേവിക വ്യക്തമാക്കി. മുകേഷുമായി ദേഷ്യപ്പെട്ട് പിരിയുന്നതല്ല. ബന്ധങ്ങള്‍ എല്ലാം പ്രധാനപ്പെട്ടതാണ്. പരസ്പരം ചെളി വാരിയെറിയാന്‍ തങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കുന്നില്ലെന്നും മേതില്‍ ദേവിക മാധ്യമങ്ങളോട് പറഞ്ഞു. മുകേഷ് അദ്ദേഹത്തിന്റെ നിലപാട് ഇതുവരെ തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കുകയായിരുന്നെന്നും ദേവിക പറഞ്ഞു. ഏത് ബന്ധങ്ങള്‍ വേര്‍പിരിയുമ്പോഴും വേദനയുണ്ട്. അത് അദ്ദേഹത്തിനുമുണ്ട്. സമയമെടുത്തായിരിക്കും രണ്ട് പേര്‍ക്കും അതുമായി പൊരുത്തപ്പെടാന്‍ സാധിക്കുകയെന്നും ദേവിക വ്യക്തമാക്കി. വിവാഹബന്ധം വേര്‍പ്പെടുത്തിയാലും തങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.