Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ വീണ്ടും ‘സണ്ണി’യാകുന്നു, ഇത്തവണ രത്നങ്ങളും പവിഴങ്ങളും തേടിയുള്ള യാത്ര!

മോഹന്‍ലാല്‍ വീണ്ടും ‘സണ്ണി’യാകുന്നു, ഇത്തവണ രത്നങ്ങളും പവിഴങ്ങളും തേടിയുള്ള യാത്ര!
, വെള്ളി, 23 ഫെബ്രുവരി 2018 (15:48 IST)
‘സണ്ണി’ എന്ന പേരുള്ള കഥാപാത്രമായി മോഹന്‍ലാല്‍ വന്നപ്പോഴൊക്കെ നമുക്ക് വലിയ ഹിറ്റുകള്‍ കിട്ടിയിട്ടുണ്ട്. മാത്രമല്ല, ആ സിനിമകള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായി തീര്‍ന്നിട്ടുണ്ട്. ടിവിയില്‍ ഇപ്പോള്‍ വരുമ്പോഴും പ്രേക്ഷകര്‍ ചാനല്‍ മാറ്റാതെ അതെല്ലാം വീണ്ടും കണ്ട് ആസ്വദിക്കുന്നുണ്ട്.
 
സുഖമോ ദേവിയിലെ സണ്ണിയെയും മണിച്ചിത്രത്താഴിലെ സണ്ണിയെയും മലയാളികള്‍ക്ക് എന്നെങ്കിലും മറക്കാനാവുമോ? സുഖമോ ദേവിയില്‍ സണ്ണി മരിച്ചപ്പോള്‍ ഞെട്ടിയതുപോലെയും വേദനിച്ചതുപോലെയും അതിനുമുമ്പോ ശേഷമോ ഒരനുഭവം നമുക്കുണ്ടോ? മണിച്ചിത്രത്താഴിലെ പത്തുതലയുള്ള രാവണനായ ഡോക്ടര്‍ സണ്ണി എത്ര പതിറ്റാണ്ട് കഴിഞ്ഞാലും മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കും.
 
മോഹന്‍ലാല്‍ വീണ്ടും സണ്ണി ആവുകയാണ്. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ‘നീരാളി’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ഏറെ സാഹസികനും രസികനും അതേസമയം ചില വില്ലത്തരങ്ങള്‍ ഉള്ളവനുമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
 
സണ്ണി ഒരു ജെമോളജിസ്റ്റാണ്. രത്നങ്ങളുടെയും പവിഴത്തിന്‍റെയും വജ്രത്തിന്‍റെയുമൊക്കെ ക്വാളിറ്റി പരിശോധകന്‍ എന്ന നിലയില്‍ നിന്ന് രത്നങ്ങളും പഴിങ്ങളുമൊക്കെ തേടിയുള്ള ഒരു സാഹസികയാത്രയാണോ ചിത്രം എന്ന സംശയം ഉയരുന്നുണ്ട്. മോഹന്‍ലാലിന്‍റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവും കഥയുമാണ് ഇത്.
 
webdunia
എന്നാല്‍, മോഹന്‍ലാലിന്‍റെ കരിയറില്‍ മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതുപോലെ ഒരു കഥാപാത്രത്തെ ആരും മുമ്പ് അവതരിപ്പിച്ചിട്ടില്ലെന്നും ഇതുപോലൊരു കഥ മുമ്പ് വന്നിട്ടില്ലെന്നുമാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്. മോഹന്‍ലാലിന്‍റെ ഡ്രൈവര്‍ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
 
നീരാളിയുടെ തിരക്കഥയുടെ പ്രത്യേകത പെട്ടെന്ന് മനസിലാക്കിയതിനാലാണ് മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് മോഹന്‍ലാല്‍ ഈ സിനിമയ്ക്ക് ഡേറ്റ് നല്‍കിയത്. നവാഗതനായ സാജു തോമസാണ് തിരക്കഥയെഴുതിയത്. വെറും 15 ദിവസം മാത്രമാണ് മോഹന്‍ലാലിന്‍റെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. 36 ദിവസം കൊണ്ട് മൊത്തം ഷൂട്ടിംഗ് പൂര്‍ത്തിയാകുകയും ചെയ്തു.
 
ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ഒരു പ്രൊജക്ടാണ് ഇത്. അതുകൊണ്ടുതന്നെ പോസ്റ്റ് പ്രൊഡക്ഷന് കുറച്ചധികം സമയമെടുക്കും. 
 
webdunia
ഹ്യൂമറിനും ആക്ഷനും ത്രില്ലിനും ഒരുപോലെ പ്രാധാന്യമുള്ള നീരാളിയില്‍ മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ സാഹസികമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നാദിയ മൊയ്തു മോഹന്‍ലാലിന്‍റെ നായികയായി അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.
 
നാസര്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കും സുപ്രധാനമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനുള്ളത്. നീരാളിയുടെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ തീരില്ല. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട് എന്നതാണ് അതിലൊരു കാര്യം. മോഹന്‍ലാലും ശ്രേയ ഘോഷാലും ചേര്‍ന്നുള്ള ഡ്യുയറ്റാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
സ്റ്റീഫന്‍ ദേവസി ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മൂണ്‍ ഷോട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിശയിപ്പിക്കുന്നതാണ് ജയസൂര്യ എന്ന നടന്റെ വളര്‍ച്ച: സത്യന്‍ അന്തിക്കാട്