എന്നും വേറിട്ട കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് മലയാളസിനിമയില്‍ പുതുമ കണ്ടെത്താനുളള നടനാണ് ജയസൂര്യ. തന്റെ പ്രിയ ഗുരുനാഥനായ മോഹന്‍ലാലിനോട് അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഓര്‍ക്കുകയാണ് താരം.
ജയസൂര്യയുടെ വാക്കുകളിലേക്ക്
'ഇന്ന് ലാലേട്ടന്റെ ജന്മദിനം , കാഴ്ച്ചയുറച്ച നാള്‍മുതല്‍ കാണുന്ന മുഖമാണ്. സ്വാഭാവികമായും അതിനോട് അത്ഭുതം കലര്‍ന്ന ആരാധന ഞാനെന്നല്ല ഏതു മലയാളിയ്ക്കും ഉണ്ടാവും. ഈയടുത്തായി ചില കഥാപാത്രങ്ങള്‍ അനുഭവിക്കുമ്പോള്‍, അനുഭവിക്കുന്നയാളും അനുഭവവും ഒന്നായി മാറുന്ന ചില വിസ്മയ നിമിഷങ്ങള്‍ ചില കലാകാരന്‍മാര്‍ക്ക് ഉണ്ടായിട്ടുള്ളത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു ശൂന്യതയാണ് പിന്നീടും ഞാനും ആഗ്രഹിക്കുന്നത്, അന്വേഷിക്കുന്നത്. ഇതിനെകുറിച്ച് ലാലേട്ടനെ കാണുമ്പോ പലപ്പോലും ഞാന്‍ ചോദിച്ചിട്ടുണ്ട് ' ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ.. ? ലാലേട്ടന്‍ പറയും ' മോനേ അത് നമ്മളലല്ലോ നമ്മള്‍ പ്രകൃതിയെ ഏല്‍പ്പിക്കയല്ലേന്ന്. ഈ പ്രകൃതിയെ എല്‍പ്പിച്ച് പ്രകൃതി തന്നെയായി മാറുന്ന ആ പൂര്‍ണ്ണത, ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാള്‍ അങ്ങനെയാവാന്‍ ? ലാലേട്ടന്‍ എന്ന് മുതലായിരിക്കും ആ പൂര്‍ണ്ണതയില്‍ എത്തീട്ടുണ്ടാകുക ?എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ' മുതല്‍ തന്നെയെന്ന്. പ്രിയ ഗുരുനാഥന് ജന്മദിനാര്‍ച്ചന' - ജയസൂര്യ കുറിച്ചു.
മോഹന്‍ലാലിന്റെ പുതിയ വീട്ടിലേക്ക് അതിഥിയായി എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ജയസൂര്യ പങ്കുവെച്ചത്.ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആര്‍പി ഹൈറ്റ്സിലാണ് ലാലിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്.