മലയാള സിനിമയിലെ മഹാപ്രസ്ഥാനമാണ് മോഹന്‍ലാല്‍. അദ്ദേഹം ജനമനസില്‍ ചെലുത്തിയ സ്വാധീനം അപാരം. ഒരു നടന്‍ അല്ലെങ്കില്‍ താരം എന്നതിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ഇടം കിട്ടിയ ആളാണ് അദ്ദേഹം. കേരളം മഹാപ്രളയത്തില്‍ പെട്ടപ്പോഴാണ് ആ സ്നേഹത്തിന്‍റെ ആഴം മലയാളികള്‍ കൂടുതല്‍ തെളിഞ്ഞുകണ്ടത്.
പ്രളയം നാശം വിതച്ച നമ്മുടെ നാട്ടില്‍ ജനങ്ങളുടെ രക്ഷയ്ക്കായി ഏവര്‍ക്കും കൈകോര്‍ക്കാമെന്ന ആഹ്വാനം ലാലേട്ടന്‍ ചാനലുകളിലൂടെ നടത്തിയത് എല്ലാവര്‍ക്കും പ്രചോദനമായി. മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംഭാവന നല്‍കിയത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടക്കുന്നയിടത്തേക്ക് എത്തിയാണ് മോഹന്‍ലാല്‍ തുക കൈമാറിയത്. സഹായമെത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി അദേഹത്തിന്‍റെ ആ പ്രവര്‍ത്തി.
അതിന് ശേഷം മോഹന്‍ലാല്‍ രക്ഷാപ്രവര്‍ത്തകന്‍റെ റോളില്‍ ഒരു മഹാദൌത്യം നിര്‍വഹിക്കുന്നതിനാണ് കേരളം സാക്‍ഷ്യം വഹിച്ചത്. ലാല്‍കെയേഴ്‌സും വിശ്വശാന്തി ഫൌണ്ടേഷനും ചേര്‍ന്ന് ഈ പ്രളയദുരിതം നേരിടാന്‍ മലയാള ജനതയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് അളവില്ല. സാമ്പത്തികമായും മറ്റ് സഹായങ്ങളായും മോഹന്‍ലാല്‍, പ്രളയക്കെടുതികളെ ചെറുത്തുനില്‍ക്കാന്‍ ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.
സഹായങ്ങളുടെ ഒരു ജംഗ്‌ഷന്‍ പോയിന്‍റായി മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നതാണ് പിന്നീട് കണ്ടത്. ആര്‍ക്കൊക്കെയാണ് സഹായം വേണ്ടതെന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം സോഷ്യല്‍ മീഡിയ വഴി അദ്ദേഹം കൈമാറുന്നു. അവിടേക്ക് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് സഹായം ഒഴുകിയെത്തുന്നു.
സേവനത്തിന് തയ്യാറുള്ള ഡോക്‍ടര്‍മാരുടെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ മോഹന്‍ലാലിന് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് നിരന്തരം അദ്ദേഹം പോസ്റ്റുകളിട്ടു. അത് പ്രതിസന്ധി ഘട്ടങ്ങളിലും രക്ഷാദൌത്യം ഏറ്റെടുത്തവര്‍ക്ക് പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല.
ദുരിതത്താല്‍ വലഞ്ഞുനില്‍ക്കുന്ന മനുഷ്യരെ കൂടുതല്‍ ദുരിതത്തിലാക്കി ചില കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനെതിരെ പ്രതികരിക്കാനും ലാലേട്ടന് കഴിഞ്ഞു.
സഹായങ്ങള്‍ എത്തിക്കാനുള്ള ലൊക്കേഷന്‍ പോയിന്‍റുകള്‍ ചൂണ്ടിക്കാട്ടാനും വെള്ളപ്പൊക്കത്തിനിടെ കാണാതായവരെയും ഒറ്റപ്പെട്ടുപോയവരെയും കണ്ടെത്താനും സഹായിക്കാനും മോഹന്‍ലാല്‍ രംഗത്തെത്തിയത് സര്‍ക്കാരിനും ഏറെ സഹായകരമായി. രക്ഷാപ്രവര്‍ത്തനത്തിനും വെള്ളപ്പൊക്ക ദുരിതം അറിയിക്കാനും ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്ക് വാട്‌സ്‌ആപ് നമ്പരുകള്‍ ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍ വലിയ സേവനമാണ് നടത്തിയത്.
കേരളത്തിന്‍റെ കണ്ണീര്‍ മഴ തോര്‍ന്നതിന് ശേഷം മാത്രമേ തന്‍റെ പുതിയ സിനിമയായ ‘ഡ്രാമ’യുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂ എന്ന് പ്രഖ്യാപിച്ച് ഔചിത്യം കാട്ടുന്ന മോഹന്‍ലാലിനെയും ഈ സമയത്ത് മലയാളികള്‍ക്ക് കാണാനായി.