ഇന്ത്യയില്‍ ഇന്നുവരെ കണ്ടുവരാത്ത 4x4 മഡ്‌റേസ് ചിത്രം 'മഡ്ഡി' റീലീസിന് തയ്യാറാകുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ചിത്രം പുറത്തുവരുന്ന വിവരം പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ്. അതിസാഹസികമായ ആക്ഷന്‍ രംഗങ്ങളും കോരിത്തരിപ്പിക്കുന്ന ദൃശ്യവിസ്മയവുമായി ലോകമെമ്പാടുമുള്ള ആയിരത്തിലധികം തീയേറ്ററുകളിലാണ് 'മഡ്ഡി' ഡിസംബര്‍ 10ന് തീയേറ്ററുകളില്‍ എത്തുന്നത്.
ന്യൂ ജനറേഷന്‍ ചലച്ചിത്രകാരന്മാര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആശയങ്ങള്‍ പരീക്ഷിക്കുന്ന ഈ കാലത്ത് 'മഡ്ഡി' പോലെയൊരു ചിത്രം വരുന്നത് മലയാള സിനിമയുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ വലിയ പങ്ക് നിര്‍വഹിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ചിത്രീകരിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോ.പ്രഗഭല്‍ ആണ്. നവാഗതരായ അഭിനേതാക്കള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ രണ്ട് വര്‍ഷത്തോളം അവരുടെ ഓഫ് റോഡ് മഡ്‌റേസ് പരിശീലനത്തിനായി ചിലവഴിച്ചു. ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ചിത്രത്തിലെ അതിസാഹസിക സ്റ്റണ്ട് സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നത്.
മുന്‍പ് വിജയ് സേതുപതിയും ശ്രീ മുരളിയും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 16 ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കിയതാണ്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളുമായി ഒരുക്കിയ ഈ ചിത്രം തീയേറ്ററില്‍ അനുഭവിക്കേണ്ട ഒന്നു തന്നെയാണ്. സിനിമ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
മഡ്‌റേസിങ്ങില്‍ എതിരാളികളുമായുള്ള പോരാട്ടങ്ങളും പ്രതികാരങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫാമിലി ഡ്രാമയും ഹാസ്യവും പ്രതികാരവുമൊക്കെ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ സൂചിപ്പിച്ചു. വെറും 60 ദിവസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് കൈതപ്പാറ വനവും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തീകരിച്ചു.
കെജിഎഫിലെ ആശ്ചര്യമാര്‍ന്ന സംഗീതമൊരുക്കിയ രവി ബസ്റൂര്‍ മലയാളത്തില്‍ ആദ്യമായി 'മഡ്ഡി'യില്‍ സംഗീതം നല്‍കുന്നു എന്ന വാര്‍ത്ത ചിത്രത്തിന് ആകാംഷ കൂട്ടുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയമായ എഡിറ്റര്‍ സാന്‍ ലോകേഷ് ആണ് 'മഡ്ഡി'യും എഡിറ്റ് ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് കെ ജി രതീഷ് ആണ്. ചിത്രത്തില്‍ 13 വേറിട്ട ക്യാമറകള്‍ ഉപയോഗിച്ചാണ് രതീഷ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ റണ്‍ രവിയാണ്. എന്നാല്‍ റേസിംഗ് സീനുകള്‍ പ്രഗഭല്‍ തന്നെയാണ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്.
പികെ സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.