തമിഴിലെ മുന്‍നിര സംവിധായകന്മാരില്‍ ഒരാളായ എ ആര്‍ മുരുഗദോസും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഒന്നിച്ച സിനിമയായിരുന്നു സിക്കന്ദര്‍. വളരെ പ്രതീക്ഷയോടെ ഇറങ്ങിയ സിനിമയായിരുന്നെങ്കിലും ബോക്‌സോഫീസില്‍ സിനിമ തകര്‍ന്നടിഞ്ഞിരുന്നു. തമിഴില്‍ മികച്ച സിനിമകള്‍ സംവിധാനം ചെയ്യുന്ന വ്യക്തിയാണെങ്കിലും ബോളിവുഡില്‍ ചെയ്ത സിക്കന്ദര്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ സിക്കന്ദര്‍ ചിത്രീകരണ സമയത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് എ ആര്‍ മുരുഗദോസ്.
സല്‍മാന്‍ ഖാന്റെ പ്രവര്‍ത്തനശൈലി കാരണം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്ക് എളുപ്പമായിരുന്നില്ലെന്നാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. ഒരു താരത്തിനൊപ്പം ഷൂട്ട് ചെയ്യുക എളുപ്പമല്ല. അദ്ദേഹം രാത്രി എട്ടിനെ സെറ്റില്‍ വരികയുള്ളു. പകല്‍ ചിത്രീകരിക്കേണ്ട രംഗങ്ങള്‍ പോലും രാത്രി ഷൂട്ട് ചെയ്യേണ്ടി വരും. ഇത് സെറ്റിലെ മറ്റ് അഭിനേതാക്കളെയും ബാധിച്ചിരുന്നു. ഒരു രംഗത്തില്‍ 4 കുട്ടികള്‍ സ്‌കൂളില്‍ നിന്നും വരുന്ന രംഗമാണെങ്കിലും പുലര്‍ച്ചെ 2 മണിക്കൊക്കെയായിരുന്നു ഷൂട്ട്. എ ആര്‍ മുരുഗദോസ് പറയുന്നു.
ഈദ് റിലീസായി 2025 മാര്‍ച്ച് 30നായിരുന്നു സിക്കന്ദര്‍ റിലീസ് ചെയ്തത്. 200 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 184 കോടി രൂപയാണ് സ്വന്തമാക്കിയത്. രശ്മിക മന്ദാന നായികയായ സിനിമയില്‍ കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മന്‍ ജോഷി തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു.