Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ചോതിയുടെ ചോറ്റുപാത്രം,'നാരദന്‍' സിനിമയുടെ ഹൈലൈറ്റ് എന്ന് ജോയ് മാത്യു

ടോവിനോ തോമസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 8 മാര്‍ച്ച് 2022 (15:03 IST)
നാരദന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തില്‍ കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്.ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധ്യമ രംഗത്തെ കുതികാല്‍വെട്ടും 
മൂല്യച്യുതിയുമൊക്കെ പ്രധാന വിഷയമായി വരുന്നുണ്ടെങ്കിലും മുന്‍സിഫ് കെ പി ചോതിയുടെ ചോറ്റുപാത്രമാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് പറയുവാനാണ് ഇഷ്ടമെന്ന് ജോയ് മാത്യു.
 
ജോയ് മാത്യുവിന്റെ വാക്കുകള്‍
 
ചോതിയുടെ ചോറ്റുപാത്രം 
 
മുന്‍സിഫ് പി കെ ചോതിയുടെ ചോറ്റുപാത്രം ആണ് നാരദന്‍ എന്ന സിനിമയിലെ ഹൈലൈറ്റ് .വീട്ടില്‍ നിന്നും ഭാര്യ ക്ഷമാപൂര്‍വ്വം ഒരുക്കി വെച്ച ചോറും കുഞ്ഞു കറികളും ഒരു കഷ്ണം മീന്‍ വറുത്തതും -കഴിഞ്ഞു, ഒരു ന്യായാധിപന്റെ ഉച്ചഭക്ഷണം .ഒരു സിനിമാ നിരൂപണം ഇങ്ങനെയല്ല എന്ന് പണ്ഡിതന്മാര്‍ പറഞ്ഞേക്കാം .എന്നാല്‍ ഒരു ഇന്ത്യന്‍ സിനിമയിലും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ന്യായാധിപന്റെ ഈ ഉച്ചഭക്ഷണ രംഗം ജസ്റ്റീസുമാരുടെയും ജഡ്ജി ഏമാന്മാരുടെയും തീന്‍ മേശകള്‍ കണ്ടു ശീലിച്ച തലകീഴായ 
കാഴ്ചകളുടെ വഴക്കങ്ങള്‍ക്ക് നല്‍കുന്ന പ്രഹരമാണ് .
 
'പോറ്റിയുടെ കോടതിയില്‍ പുലയന് നീതികിട്ടില്ല 'എന്ന് എഴുപതുകളില്‍ കവി സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് എഴുപതുകളുടെ യാഥാര്‍ഥ്യമായിരുന്നു .എന്നാല്‍ ഇന്ന് ചോതിമാരുടെ കോടതികളില്‍ നീതി നടപ്പാക്കപ്പെടുന്നുണ്ട് എന്ന പ്രതീക്ഷ ഈ ഒരൊറ്റ സീനിലൂടെ നമുക്ക് ലഭിക്കുന്നു .ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സ്സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തിലെ ഏത് ഓണം കേറാമൂലയിലുമുള്ള ഒരു മുന്‍സിഫ് വിചാരിച്ചാല്‍ മതിയെന്ന ബോധ്യം പ്രേക്ഷകന് ഈ ചിത്രം നല്‍കുന്നുണ്ട് .വരേണ്യവര്‍ഗ്ഗങ്ങള്‍ മേയുന്ന ഇന്ത്യയിലെ നീതിപീഠങ്ങള്‍ നടപ്പാക്കുന്ന ന്യായവിധികളുടെ കരണത്തടിക്കുകയാണ് 'നാരദനിലൂടെ 'തിരക്കഥാകാരന്‍ ആര്‍ ഉണ്ണിയും സംവിധായകന്‍ ആഷിക് അബുവും .
 
മാധ്യമ രംഗത്തെ കുതികാല്‍വെട്ടും മൂല്യച്യുതിയുമൊക്കെ സിനിമയില്‍ പ്രധാന വിഷയമായി വരുന്നുണ്ടെങ്കിലും മുന്‍സിഫ് കെ പി ചോതിയുടെ ചോറ്റുപാത്രമാണ് 'നാരദന്‍ 'സിനിമയുടെ ഹൈലൈറ്റ് എന്ന് പറയുവാനാണ് എനിക്കിഷ്ടം .നമുക്കുണ്ടെന്ന് നാം അവകാശപ്പെടുന്നതോ നടിക്കുന്നതോ ആയ ഇന്ത്യന്‍ ജനാധിപത്യ ത്തെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനെയെക്കുറിച്ചും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നായി മാറി 'നാരദ'നിലെ  ചോതിയുടെ ചോറ്റുപാത്രം .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ലതെന്ന് പറയിപ്പിക്കല്‍ മാത്രം അല്ല ജീവിതം,അപ്പോഴാണ് വെളിപാട് ഉണ്ടായത്, വനിത ദിനത്തില്‍ കുറിപ്പുമായി നടി അശ്വതി ശ്രീകാന്ത്