മലയാള സിനിമയില്‍ വൈവിധ്യങ്ങളുടെ കലവറയാണ് നടന്‍ നെടുമുടി വേണു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ച നെടുമുടിക്കാരന്റെ ജന്മദിനമാണിന്ന്. 73-ാം ജന്മദിനം ആഘോഷിക്കുന്ന നെടുമുടി വേണുവിന് ആശംസകളുമായി സിനിമാലോകത്തെ പ്രമുഖരെത്തി.
നെടുമുടി വേണു സിനിമയിലേക്ക് എത്തുന്നത് യാദൃച്ഛികമായാണ്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. വിധുബാല, അടൂര്‍ ഭാസി, സുകുമാരന്‍, സോമന്‍ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അഭിമുഖമെടുത്തിട്ടുണ്ട് വേണു. അങ്ങനെ സംവിധായകന്‍ ഭരതന്റെ അഭിമുഖം എടുക്കാന്‍ പോയതാണ് വേണുവിന്റെ ജീവിതത്തില്‍ നിര്‍ണായ വഴിത്തിരിവായത്.
അഭിമുഖം ചെയ്യാനെത്തിയ ആളെ ഭരതന് ഒരുപാട് ഇഷ്ടപ്പെട്ടു. ഇരുവരും തമ്മില്‍ നല്ല സൗഹൃദമായി. കാവാലം നാരായണപണിക്കരുടെ നാടകവേദിയിലെ പ്രധാന നടനാണ് വേണുവെന്ന് പത്മരാജന്‍ ഭരതനോട് പറഞ്ഞു. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും 'ആരവം' എന്നാണ് പേരെന്നും ഭരതന്‍ വേണുവിനോട് പറഞ്ഞു. നായകനായി താന്‍ കണ്ടിരിക്കുന്നത് കമല്‍ഹാസനെയാണെന്നും ഭരതന്‍ പറഞ്ഞു. എന്നാല്‍ താനിപ്പോള്‍ കമല്‍ഹാസന് പകരം മറ്റൊരാളെയാണ് നായകനായി സങ്കല്‍പ്പിക്കുന്നതെന്നും ഭരതന്‍ വേണുവിനോട് പറഞ്ഞു. കമല്‍ഹാസന് പകരം ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ എന്തും ചെയ്യാമെന്നായിരുന്നു വേണു നല്‍കിയ മറുപടി. പിന്നീടങ്ങോട്ട് നെടുമുടി വേണുവെന്ന അഭിനേതാവ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.