'Leo' Early Morning Show Updates: തമിഴ്‌നാട്ടിലെ വിജയ് ആരാധകര്‍ക്ക് തിരിച്ചടി. ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ ആദ്യ പ്രദര്‍ശനം രാവിലെ ഒന്‍പതിന് മാത്രം. സംസ്ഥാനത്ത് സ്‌പെഷ്യല്‍ മോര്‍ണിങ് ഷോ ഉണ്ടാകില്ലെന്ന് ഡിഎംകെ സര്‍ക്കാരാണ് തീരുമാനിച്ചത്. രാവിലെ ഒന്‍പതിനാണ് തമിഴ്‌നാട്ടില്‍ 'ലിയോ'യുടെ ആദ്യ പ്രദര്‍ശനം. എന്നാല്‍ കേരളത്തില്‍ അടക്കം ചിത്രം അതിരാവിലെ പ്രദര്‍ശിപ്പിക്കും.
റിലീസ് ചെയ്ത് ആദ്യ ആറ് ദിവസം അതിരാവിലെ ഷോ അനുവദിക്കണമെന്നാണ് 'ലിയോ'യുടെ അണിയറ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന വിധം ആദ്യ ആറ് ദിവസങ്ങളില്‍ അഞ്ച് ഷോ നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിരാവിലെയുള്ള ഷോയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 'ലിയോ' അണിയറ പ്രവര്‍ത്തകര്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു.
ആദ്യ ദിവസത്തിലെ ആദ്യ ഷോ രാവിലെ ഒന്‍പതിന് മാത്രമാണ് തമിഴ്‌നാട്ടില്‍ ആരംഭിക്കുക. തമിഴ്‌നാടിന് പുറത്ത് അപ്പോഴേക്കും രണ്ടാമത്തെ ഷോ കഴിയാറാകും. അജിത് കുമാര്‍ ചിത്രം 'തുനിവ്' റിലീസ് ചെയ്ത ദിവസം പുലര്‍ച്ചെ നാലിന് തമിഴ്‌നാട്ടില്‍ ഫാന്‍സ് ഷോ അനുവദിച്ചിരുന്നു. ഈ ഷോയ്ക്ക് എത്തിയ അജിത് ആരാധകന്‍ മരിച്ചതാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റിലീസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി തിയറ്ററിനു മുന്നിലൂടെ പോകുകയായിരുന്ന ലോറിയുടെ മുകളിലേക്ക് കയറി സാഹസം കാണിച്ചാണ് യുവാവ് മരിച്ചത്.