Select Your Language

Notifications

webdunia
webdunia
webdunia
webdunia

വളരെ കാലികപ്രക്തിയുള്ള ഒരു വിഷയം,തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം:പി.എസ് ശ്രീധരന്‍ പിള്ള

വളരെ കാലികപ്രക്തിയുള്ള ഒരു വിഷയം,തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം:പി.എസ് ശ്രീധരന്‍ പിള്ള

കെ ആര്‍ അനൂപ്

, ശനി, 14 ജനുവരി 2023 (12:16 IST)
നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ക്ഷണപ്രകാരം കുടുംബത്തോടൊപ്പം മാളികപ്പുറം എന്ന സിനിമ കണ്ട് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള.വളരെ കാലികപ്രക്തിയുള്ള ഒരു വിഷയമാണ് ചിത്രത്തിലൂടെ അവതരിക്കപ്പെട്ടിട്ടുള്ളതെന്നും ഇത്തരത്തില്‍ നമ്മളുടെ നാടിന്റെ മണ്ണില്‍ വേരൂന്നിയ സിനിമകള്‍ നിര്‍മ്മിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇനിയും സാധിക്കുമാറാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
 
പി എസ് ശ്രീധരന്‍ പിള്ളയുടെ വാക്കുകളിലേക്ക്
 
അപൂര്‍വമായി മാത്രം തിയേറ്ററില്‍ പോയി സിനിമ കാണുന്ന വ്യക്തിയാണ് ഞാന്‍. മാളികപ്പുറം സിനിമയുടെ നിര്‍മാതാവ് ശ്രീ. ആന്റ്റോ ജോസഫിന്റെ സ്‌നേഹപൂര്‍വ്വമായ ക്ഷണപ്രകാരം കുടുംബസമേതം സിനിമ കാണാന്‍ ഇന്നലെ അവസരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാസം ഡിസംബര്‍ 12ന് എറണാകുളത്ത് മാളികപ്പുറം സിനിമയുടെ ട്രൈലെര്‍ ലോഞ്ച് ചെയ്യാന്‍ സാധിച്ച കാര്യം ഞാന്‍ ഇപ്പോള്‍ സന്തോഷപൂര്‍വം ഓര്‍ക്കുകയാണ്.  
 
തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നല്‍കിയത്. സിനിമയുടെ ആദ്യശബ്ദമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ ശബരിമലയുടെ ചരിത്രവും ഐതിഹ്യവും വിവരിച്ചുകൊണ്ടുള്ള തുടക്കം വളരെ വിജ്ഞാനപ്രദമായിരുന്നു. ഭക്തിയില്‍ അധിഷ്ഠിതമായ ഈ സിനിമ എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന ഒന്നാണ്. അത്തരമൊരു ചിത്രം ഒരുക്കിയതിന് അണിയറപ്രവര്‍ത്തകര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ആലപ്പുഴ ജില്ലയിലെ വെണ്‍മണി എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് സിനിമയിലെ കഥാപരിസരവും കഥാപാത്രങ്ങളും ഒക്കെ വളരെ സുപരിചതമായാണ് തോന്നിയത്. കുഞ്ഞു മാളികപ്പുറത്തിന്റെ ദുഖവും സന്തോഷവുമെല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വികാരങ്ങളായി തോന്നിപ്പിക്കുന്നതില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് ശ്രീ അഭിലാഷ് പിള്ളയും വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
 
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ശ്രീ. ഉണ്ണി മുകുന്ദന്‍ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മാളികപ്പുറത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്വാമി അയ്യപ്പനായി ഈ നടന്‍ അത്രമാത്രം താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. അത് പോലെ തന്നെയാണ് ദേവനന്ദ, ശ്രീപദ് എന്നീ കുട്ടികളുടെ അഭിനയം. ഈ രണ്ട് കുട്ടികളും ഭാവിയുടെ വാഗ്ദാനങ്ങള്‍ ആണെന്ന് തെളിയിച്ചിരിക്കുന്നു. 
 
വളരെ കാലികപ്രക്തിയുള്ള ഒരു വിഷയമാണ് ചിത്രത്തിലൂടെ അവതരിക്കപ്പെട്ടിട്ടുള്ളത്. കുട്ടികളിലും മുതിര്‍ന്നവരിലും ഒട്ടും മടുപ്പുളവാക്കാതെ, ആസ്വാദ്യകരമായി തന്നെ ഈ വിഷയം കാണികളില്‍ എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചിരിക്കുന്നു. ഇത്തരത്തിലൊരു സിനിമ അഭ്രപാളികളില്‍ എത്തിക്കാന്‍ നിര്‍മാതാക്കളായ ശ്രീ ആന്റ്റോ ജോസഫും ശ്രീ വേണു കുന്നപ്പള്ളിയും കാണിച്ച ആത്മവിശ്വാസവും ധൈര്യവും അഭിനന്ദാര്‍ഹമാണ്. ഈ ചിത്രത്തിലൂടെ സ്വാമി അയ്യപ്പന്റെയും മാളികപ്പുറത്തിന്റെയും കഥകള്‍ നമ്മളുടെ രാജ്യത്തിനകത്തും പുറത്തും കൂടുതല്‍ ജനങ്ങളിലേക്ക് എത്തും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. 
 
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മാളികപ്പുറം സിനിമ നേടുന്ന അത്ഭുതാപൂര്‍വ്വമായ വിജയം ഏറെ സന്തോഷകരമാണ്. ഇത്തരത്തില്‍ നമ്മളുടെ നാടിന്റെ മണ്ണില്‍ വേരൂന്നിയ സിനിമകള്‍ നിര്‍മ്മിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇനിയും സാധിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രസകരമായ ഒരു ചിത്രം,വലിയൊരു താരനിര,'അനുരാഗം'സിനിമയെക്കുറിച്ച് ജോണി ആന്റണി