സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; 'പള്ളിച്ചട്ടമ്പി' റിലീസ് നീട്ടി
ഏപ്രിൽ 15 ന് വിഷുദിനത്തിൽ ചിത്രം റിലീസിനെത്തും
Publish Date: Wed, 08 Apr 2026 (11:34 IST)
Updated Date: Wed, 08 Apr 2026 (11:55 IST)
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതി നീട്ടിവച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സാങ്കേതിക തടസം നേരിടുന്നതിനാലാണ് റിലീസ് തീയതി മാറ്റിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത്. ഏപ്രിൽ 15 ന് വിഷുദിനത്തിൽ ചിത്രം റിലീസിനെത്തും. ഏപ്രിൽ 10 നായിരുന്നു ചിത്രം മുൻപ് റിലീസ് ചെയ്യാനിരുന്നത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മൺമറഞ്ഞുപോയ ഒരു അസാധാരണനായ ചട്ടമ്പിയുടെ കഥ പറയാൻ ഞങ്ങൾ എത്തുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സാങ്കേതിക തടസ്സം നേരിടുകയാണ്. അതിനാൽ സിനിമയുടെ റിലീസ് ഏപ്രിൽ 15 വിഷു ദിനത്തിലേക്ക് മാറ്റേണ്ടി വന്നിരിക്കുന്നു. ഈ അവസരത്തിൽ നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- അണിയറ പ്രവർത്തകർ അറിയിച്ചു.
മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. 1950-60 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ടൊവിനോ എത്തുന്നത്. 'ദാദാസാഹിബ്', 'ഷിക്കാർ', 'ഒരുത്തീ' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തമിഴ് ചിത്രം ഡ്രാഗണിലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി വൻ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര ആലപിച്ച ചിത്രത്തിലെ കാട്ടുചെമ്പകം എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. ചിത്രത്തിൽ ടിജോ ടോമി ക്യാമറയും രാജേഷ് മേനോൻ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ടിജോ ടോമിയാണ് ഛായാഗ്രഹണം. എഡിറ്റിഗ് ശ്രീജിത്ത് സാരംഗ്.
റഷീദ് അഹമ്മദ് മേക്കപ്പ്, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈൻ, അനിൽ ആമ്പല്ലൂർ ഫിനാൻസ് കൺട്രോളർ, കിരൺ റാഫേൽ, റെനിത് രാജ് എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ, ഋഷ് ലാൽ ഉണ്ണികൃഷ്ണൻ സ്റ്റിൽസ്, ബിനോയ് നമ്പാല കാസ്റ്റിംഗ് ഡയറക്ടർ, അലക്സ് ഇ. കുര്യൻ ലൈൻ പ്രൊഡ്യൂസർ, രാജേഷ് മേനോൻ പ്രൊഡക്ഷൻ കൺട്രോളർ, നോബിൾ ജേക്കബ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, എബി കോടിയാട്ട്, ജെറി വിൻസന്റ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാർ എന്നിങ്ങനെയാണ് മറ്റ് അണിയറപ്രവർത്തകർ.
രേണുക വേണു
Publish Date: Wed, 08 Apr 2026 (11:34 IST)
Updated Date: Wed, 08 Apr 2026 (11:55 IST)