കന്നഡ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച രേണുകാ സ്വാമി കൊലപാതകത്തെ തുടര്‍ന്നുണ്ടായ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്റെ അറസ്റ്റില്‍ പ്രതികരണവുമായി രാം ഗോപാല്‍ വര്‍മയും ദിവ്യ സ്പന്ദനയും. രേണുകാസ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നടി പവിത്രാ ഗൗഡയാണ് ഒന്നാം പ്രതി. കന്നഡ സൂപ്പര്‍ സ്റ്റാറായ ദര്‍ശനാണ് കേസിലെ രണ്ടാം പ്രതി. അറസ്റ്റ് കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇതാദ്യമായാണ് വിഷയത്തെ പറ്റി കന്നഡ സിനിമാലോകത്ത് നിന്നും പ്രതികരണം വരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് രാം ഗോപാല്‍ വര്‍മയും രാഷ്ട്രീയ നേതാവ് കൂടിയായ നടി ദിവ്യ സ്പന്ദനയും പ്രതികരണം നടത്തിയത്. തന്റെ വ്യക്തിജീവിതത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ഒരു താരം തന്റെ ആരാധകനെ മറ്റൊരു ആരാധകനെ ഇപയോഗിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. താരാരാധന ഒരു രോഗമാണ് എന്നതിന്റെ ഉദാഹരണമാണിത്. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തങ്ങള്‍ ആരാധിക്കുന്ന താരങ്ങള്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഈ രോഗലക്ഷണത്തിന്റെ ഒഴിവാക്കാനാകാത്ത പാര്‍ശ്വഫലമാണെന്നും രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.
അതേസമയം രേണുകാ സ്വാമി കൊലക്കേസില്‍ ദര്‍ശനെയും പവിത്രയേയും അറസ്റ്റ് ചെയ്തതില്‍ കര്‍ണാടക പോലീസിന് സല്യൂട്ട് നല്‍കുന്നുവെന്നായിരുന്നു ദിവ്യ സ്പന്ദനയുടെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു നടന്‍ ഉള്‍പ്പടെ 2 പേര്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ദര്‍ശനൊപ്പം സിനിമയില്‍ അഭിനയിക്കുന്ന നടന്‍ പ്രദോഷ്, ദര്‍ശന്റെ അടുത്ത സഹായി നാഗരാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ദര്‍ശനെയും നടി പവിത്രയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ നാഗരാജ് ഒളിവില്‍ പോയിരുന്നു. അതേസമയം കേസില്‍ നടന്‍ പ്രദോഷിന്റെ പങ്ക് എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.