Webdunia - Bharat's app for daily news and videos

Install App

ഞാൻ അവർക്ക് പൊന്മുട്ടയിടുന്ന താറാവ്, എന്റെ സ്വന്തം മാതാപിതാക്കളെ സഹായിക്കാൻ സമ്മതിക്കില്ല: ട്രാപ്പിലാക്കിയെന്ന് രവി മോഹൻ

ഭാര്യ ആർത്തിയുടെ ആരോപണങ്ങൾ തള്ളി രവി മോഹൻ

നിഹാരിക കെ.എസ്
വെള്ളി, 16 മെയ് 2025 (08:15 IST)
ഗായിക കെനിഷ ഫ്രാൻസിസുമായി രവി മോഹൻ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചതോടെ ഭാര്യ ആർത്തി ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. മക്കളെ നോക്കുന്നില്ലെന്നും അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നില്ലെന്നും ആർത്തി ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകി നടൻ. ആർതിക്കും അവരുടെ അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നടൻ ആരോപിച്ചിരിക്കുന്നത്. 
 
മാതാപിതാക്കളെ പോലും സഹായിക്കാൻ കഴിയാതെ തന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവൻ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുക്കുകയും ചെയ്തു എന്നാണ് നടൻ പറയുന്നത്. കുട്ടികളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നടൻ പറയുന്നുണ്ട്. കെനിഷ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്നും രവി മോഹൻ വ്യക്തമാക്കി.
 
രവി മോഹന്റെ പത്രക്കുറിപ്പ്;
 
നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ജനകീയ കോടതിയിൽ എന്റെ വ്യക്തിപരമായ കാര്യങ്ങൾ എടുത്തിട്ട് വിചാരണ ചെയ്യുന്നതിൽ ദുഖമുണ്ട്. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുതാപമോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് എനിക്ക് ആഘാതകരമായിട്ടുണ്ട്. എന്റെ നിശബ്ദത ഒരു ബലഹീനതയായിരുന്നില്ല. അത് അതിജീവനമായിരുന്നു. പക്ഷേ, എന്റെ യാത്രയെയോ എന്റെ മുറിവുകളെയോ അറിയാത്തവർ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ, ഞാൻ എല്ലാം തുറന്നു പറഞ്ഞേ മതിയാകൂ. കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാൻ എന്റെ കരിയർ കെട്ടിപ്പടുത്തത്. എന്റെ മുൻ വിവാഹത്തിൽ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല, എന്റെ ജീവിതമാണ്, എന്റെ സത്യമാണ്, എന്റെ മുറിവുണക്കലാണ്. ഇന്ത്യയിലെ നിയമത്തിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അത് സത്യം വെളിച്ചത്ത് കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നിലെ സത്യത്തെയും നീതിയെയും ബഹുമാനിച്ച് അന്തസോടെ ഞാൻ പോരാടും.
 
ഒരു മുതിർന്ന വ്യക്തി ആയിട്ട് കൂടി വർഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങൾ അനുഭവിച്ച് എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാൻ കഴിയാത്ത ഒറ്റപ്പെടലിൽ ഞാൻ കുടുങ്ങിപ്പോയി. എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ ആത്മാർഥമായ ശ്രമങ്ങളും നടത്തിയിട്ടും ഞാൻ കൂട്ടിലകപ്പെട്ടതുപോലെ ഒരു ട്രാപ്പിലായിരുന്നു. ഒടുവിൽ അസഹനീയമായ ആ ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ശക്തി സംഭരിച്ചു. അത് നിസാരമായി എടുത്ത തീരുമാനമായിരുന്നില്ല. അതിനാൽ തന്നെ ഞാൻ ഭാരിച്ച ഹൃദയവ്യഥയോടെയാണ് ഇത് എഴുതുന്നത്. വിവാഹമോചനത്തിന് അപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെ കുറിച്ച് എന്റെ കുടുംബത്തോടും, എന്റെ അടുത്ത സുഹൃത്തുക്കളോടും, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ആരാധകരോടും ഞാൻ ഇതിനകം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്റെ മുൻ ഭാര്യ ഉൾപ്പെടെ എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ആത്മാർഥമായ ആഗ്രഹത്തോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്, കൂടാതെ ഊഹാപോഹങ്ങൾ ഉന്നയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു. എന്നാൽ എന്റെ നിശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തോന്നുന്നു. അത് ഒരു ഒരു പിതാവെന്ന നിലയിലുള്ള എന്റെ പങ്കിനെ പോലും ചോദ്യം ചെയ്യുകയും തെറ്റായ ആരോപണങ്ങളിലൂടെ എന്നെ പരസ്യമായി അപമാനിക്കുന്നതിലേക്കും വരെ എത്തിച്ചു. അടുത്തിടെ ഞാൻ പങ്കെടുത്ത പൊതുപരിപാടി പോലും തെറ്റിദ്ധരിക്കപ്പെട്ടു. ഈ കെട്ടിച്ചമച്ച കഥകളെല്ലാം ഉറപ്പോടെ നിഷേധിക്കുകയാണ്. എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ അന്തസ്സോടെയും, സ്ഥിരതയോടെയും, നീതിയിലുള്ള വിശ്വാസത്തോടെയും എന്റെ സത്യത്തിൽ ഉറച്ചുനിൽക്കും.
 
വീട് വിട്ടുപോകാൻ തീരുമാനിച്ച നിമിഷം മുതൽ എന്റെ ഹൃദയത്തിൽ അവർ എന്റെ ‘എക്‌സ്’ ആയി മാറിക്കഴിഞ്ഞു. സാമ്പത്തിക നേട്ടത്തിലും പൊതുജന സഹതാപം ആകർഷിക്കുന്നതിനും എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. ഞങ്ങളുടെ വേർപിരിയലിനുശേഷം എന്നെ എന്റെ കുട്ടികളിൽ നിന്ന് മനഃപൂർവം അകറ്റിനിർത്തി. കഴിഞ്ഞ ക്രിസ്മസിന് കോടതി ഉത്തരവിട്ട ഒരു മീറ്റിങ് ഒഴികെ മറ്റ് ആശയവിനിമയങ്ങളും നിയന്ത്രിച്ചു. എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ വേണ്ടി ബൗൺസർമാരെ പോലും ഒപ്പം കൊണ്ട് നടക്കുന്നുണ്ട്. ഇത്രയും ചെയ്തിട്ടാണ് ഒരു പിതാവെന്ന നിലയിൽ എന്റെ കടമ നിർവഹിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്യുന്നത്. അടുത്തിടെ എന്റെ കുട്ടികൾ ഒരു വാഹനാപകടത്തിൽപ്പെട്ടത് ഞാൻ അറിഞ്ഞത് ഏകദേശം ഒരു മാസത്തിന് ശേഷം കാർ ഇൻഷുറൻസിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോഴാണ്. അല്ലാതെ ഒരു പിതാവെന്ന നിലയിൽ അവർ എന്നെ അറിയിച്ചില്ല. അവരെ സന്ദർശിക്കാൻ എനിക്ക് ഇപ്പോഴും അനുവാദമില്ല. എന്റെ പ്രാർഥനകളാലും അവരോടുള്ള എന്റെ നിരുപാധിക സ്‌നേഹത്താലും എന്റെ കുട്ടികൾ എപ്പോഴും സുരക്ഷിതവും സന്തോഷകരവുമായ ജീവിതം നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിവാദങ്ങളൊന്നും അവർ നേരിടാൻ അർഹരല്ല. ഇത്തരത്തിലൊരു പെരുമാറ്റം ഒരു പിതാവും അർഹിക്കുന്നില്ല. എന്റെ മുൻ ഭാര്യയെയും കുടുംബത്തെയും എന്റെ കഴിവിന്റെ പരമാവധി ഞാൻ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പുരുഷനും പിതാവും എന്ന നിലയിൽ ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്റെ കുട്ടികൾ മനസിലാക്കുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു.
 
ജീവിതത്തിൽ ഞാൻ നേരിട്ട കാര്യങ്ങളെ കുറിച്ചും ജീവിക്കുന്ന സാഹചര്യങ്ങളെ കുറിച്ചും പൂർണ ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ എന്റെ മുൻ ഭാര്യയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചത്. അത് പക്ഷേ ഒരിക്കലും എന്റെ കുട്ടികളിൽ നിന്നല്ല. എന്റെ കുട്ടികളാണ് എന്റെ ശാശ്വതമായ അഭിമാനവും സന്തോഷവും. ഞാൻ എന്റെ രണ്ട് ആൺകുട്ടികളുടെ ഭാവിക്കുവേണ്ടി ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. ആത്മാഭിമാനമുള്ള ഏത് സ്ത്രീ ആണെങ്കിലും ചീപ്പ് പബ്ലിസിറ്റിയും സഹതാപവും നേടാൻ ശ്രമിക്കാതെ നമ്മുടെ നിയമത്തിലും ഭരണഘടന നൽകുന്ന പരിരക്ഷയിലും വിശ്വസിച്ച് ഏതു പരീക്ഷണങ്ങളും നേരിടാൻ ശ്രമിക്കുകയേയുള്ളൂ. എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവർക്കായി ഒരു നയാപൈസ ചെലവാക്കാനോ കഴിയാതെ എന്റെ ശബ്ദം, എന്റെ അന്തസ്സ്, എന്റെ സ്വന്തം വരുമാനം, സാമ്പത്തികം, എന്റെ ആസ്തികളിലെ ഓഹരികൾ, എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, എന്റെ കരിയർ തീരുമാനങ്ങൾ എന്നിവ അടിയറ വച്ച് വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുങ്ങി എല്ലാം എന്റെ മുൻ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കൾക്കുമായി ജീവിക്കുകയായിരുന്നു ഞാൻ. എന്റെ സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ചെയ്തുകൊടുക്കാതെ അവരുടെയും മാതാപിതാക്കളെയും ആഡംബരത്തിനും സുഖകരമായ ജീവിതത്തതിനും വേണ്ടിയാണ് എന്റെ സമ്പാദ്യമത്രയും ചെലവിട്ടിരുന്നത്. എന്നിട്ടും ഞാൻ നിശബ്ദത പാലിച്ചു. മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യപാത്രമാകാതിരിക്കാനാണ് ഞാൻ എല്ലാം സഹിച്ചത്. എല്ലാം സഹിച്ചു, സാധാരണമായി പെരുമാറി, പണം നൽകിക്കൊണ്ടിരുന്നു. എന്നിട്ടും എന്നെ ഒരു ഭർത്താവിനെപ്പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ് കണ്ടിരുന്നത്. എന്റെ പണം, തീരുമാനങ്ങൾ, ആസ്തികൾ, എന്റെ മാതാപിതാക്കളോടും കുട്ടികളോടും ഉള്ള എന്റെ ബന്ധം പോലും സ്‌നേഹത്തിന്റെ മറവിൽ എന്നിൽ നിന്ന് പിടിച്ചെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവർ ഉപയോഗിച്ചു.
 
പക്ഷേ നിശബ്ദതയ്ക്ക് പരിധികളുണ്ട്. സമാധാനപരമായി പോകാനുള്ള ആഗ്രഹമുള്ളതുകൊണ്ട് സാമ്പത്തിക ദുരുപയോഗത്തിന് മൂലകാരണമായ അവരുടെ ‘ജീവിതശൈലി’ക്ക് വേണ്ടി എല്ലാ ബാധ്യതകളും ചെലവുകളും ഞാൻ ഒറ്റയ്ക്ക് വഹിച്ചുകൊണ്ടിരുന്നു. നിയമപരമായ സങ്കീർണതകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, എന്റെ കുട്ടികളിൽ നിന്ന് എന്നെ പൂർണമായും അകറ്റുന്നത് തുടങ്ങി സഹിക്കാൻ വയ്യാതെയുള്ള കാരണങ്ങൾ കൊണ്ട് എനിക്ക് മറ്റ് മാർഗങ്ങളില്ലാതെയായി. അടുത്തിടെയുണ്ടായ വാഹനാപകട വാർത്തയ്ക്ക് ശേഷം എല്ലാ സാമ്പത്തിക സഹായങ്ങളിൽ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു. കാരണം അതൊക്കെ എന്റെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയാണോ എന്ന് എനിക്ക് ഒരു ഉറപ്പുമില്ല. എന്റേത് ഒരു രക്ഷപെടൽ അല്ലെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിജീവിക്കാനും സമാധാനത്തോടെയും സന്തോഷത്തോടെയും ഇനിയെങ്കിലും ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ പിന്മാറിയത്. സിനിമാ മേഖലയിലുള്ളവർക്ക് സത്യം അറിയാം. വർഷങ്ങളായി ഞാൻ നിശബ്ദ പോരാട്ടങ്ങളും ക്രൂരമായ അവഹേളനങ്ങളും നേരിടുകയായിരുന്നു. ഒരു വർഷം മുമ്പ് എന്റെ മുൻഭാര്യയുടെ അമ്മയുടെ കോടിക്കണക്കിന് രൂപ വായ്പയ്ക്ക് ജാമ്യം നിൽക്കാൻ എന്നെ ചതിച്ച് ഒപ്പിടുവിച്ചു. ഇപ്പോൾ ഞാൻ കടന്നുപോകുന്ന എല്ലാ കാര്യങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടിനും കാരണം അവരാണ്. 10 ദിവസം മുമ്പ് പോലും അവരുടെ അമ്മ എടുത്ത വായ്പകൾക്ക് ഞാൻ ജാമ്യം നിന്നതിന്റെ പേരിൽ എന്നെ സാമ്പത്തിക കുടുക്കിൽ അകപ്പെടുത്താൻ ശ്രമിച്ചു. ഇതാണ് അവളുടെയും കുടുംബത്തിന്റെയും ലക്ഷ്യം. പണം/ജാമ്യം/ഒപ്പുകൾ ആവശ്യമുള്ളപ്പോൾ അവർക്ക് രവി മോഹൻ എന്ന പേര് ആവശ്യമാണ്. കഴിഞ്ഞ 16 വർഷമായി ഞാൻ സഹിക്കുന്ന ജീവിതമാണിത്. എന്നിരുന്നാലും, ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഞാൻ ഉയർന്നുവരുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. കുഴിയിലേക്ക് വീഴുമ്പോൾ പിടഞ്ഞ് എഴുന്നേൽക്കാതെ തരമില്ല. വീണ്ടും ആദ്യം മുതൽ ആരംഭിക്കാൻ ഞാൻ തയാറാണ് – ദൈവം എനിക്ക് നേർവഴി കാട്ടുമെന്ന് ഉറപ്പുണ്ട്.
 
നിങ്ങളുടെ തരം താഴ്ന്ന കളി ഇവിടെ നിർത്തണം, പ്രസാദിൽ നിന്ന് അപ്പോളോയിലേക്ക് സന്തോഷവാനായി വണ്ടിയോടിക്കാൻ എന്നെ പ്രേരിപ്പിച്ച നിങ്ങളുടെ അറ്റെൻഷൻ സീക്കിങ്ങുമായി മുന്നോട്ട് പോകൂ, പക്ഷേ എന്റെ കുട്ടികളെ ഇനി ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ധൈര്യപ്പെടരുത്. എന്റെ കുട്ടികൾക്ക് ആവശ്യമുള്ളതെല്ലാം നൽകുന്ന ഒരു മികച്ച പിതാവായിരിക്കും ഞാനെന്നും. നമ്മുടെ നിയമവ്യവസ്ഥയിലും സത്യത്തിലും വിശ്വസിക്കുന്നതുകൊണ്ട് നിന്നെ ഇനി ഞാൻ കോടതിയിൽ മാത്രമേ നേരിടൂ. എന്റെ വേർപിരിഞ്ഞ മുൻ ഭാര്യയും അവരുടെ ദുഷിച്ച ഉപദേഷ്ടാക്കളും തെറ്റായ പിആർ വർക്ക് നടത്തി എന്നെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയും പൊതുജന സമ്മതി നേടുന്നതിനായി സ്വാർത്ഥതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നെ തീർത്തും ഞെട്ടിച്ചുകളഞ്ഞു. എന്റെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച സ്വത്തുക്കളുടെ പകുതി നൽകാൻ എന്നെ നിർബന്ധിച്ചിട്ടും, ഒരു സഹനടിയുമായി എന്നെ ബന്ധപ്പെടുത്തി കിംവദന്തികൾ പ്രചരിച്ചിട്ടും ഞാൻ ഒരിക്കലും വെറുപ്പ് കാണിച്ചിട്ടില്ല മറിച്ച് നിശബ്ദതയായിരുന്നു എന്റെ പ്രതികരണവും. സമാധാനം നിലനിൽക്കുമെന്നും എന്റെ കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി മാധ്യമങ്ങൾ അനാവശ്യമായി അവരെ വലിച്ചിഴക്കരുതെന്നും ഞാൻ ആഗ്രഹിച്ചു. നീതി നടപ്പാക്കേണ്ടത് കോടതിമുറികളിലാണ്, സോഷ്യൽ മീഡിയയിലല്ല. പക്ഷേ, എന്റെ മുൻ ഭാര്യയ്ക്കും ഇതുവരെയുള്ള എന്റെ ജീവിതം കവർന്നെടുത്ത സമ്പത്ത് കൊണ്ടുണ്ടാക്കിയ പ്രിവിലേജ് നേടിയ ‘പ്രിവിലേജ്ഡ്’ കുടുംബത്തിനും വിവാദങ്ങൾ വഴി പ്രശസ്തി നേടാൻ ആണ് ആഗ്രഹം. എന്റെ വിവാഹത്തിന്റെ തുടക്കം മുതൽ ഇതുവരെയും അവർ ഇത്തരം വിവാദങ്ങൾ ആണ് ആഗ്രഹിച്ചിരുന്നത്. ഇവർ വേദനിപ്പിക്കുന്നതിൽ സുഖം കണ്ടെത്തുന്നവരാണ്, എന്റെ കോ ബ്രദർ ഇൻലോ ഇതേ പ്രതിസന്ധി നേരിടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് എനിക്ക് അത് നന്നായി അറിയാം. ആദ്യ ദിവസം മുതൽ അവർ എല്ലാം അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരികയും പ്രതിച്ഛായ നന്നാക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു, ഇന്ന് ഞാൻ സംസാരിക്കുന്നത് സഹതാപം നേടാനല്ല, മറിച്ച് എന്റെ ശബ്ദം വീണ്ടെടുക്കാനാണ്.
 
ഇനി ഞാൻ കെനിഷ ഫ്രാൻസിസിനെ കുറിച്ച് പറയാം. മുങ്ങിമരിക്കാൻ പോകുന്ന എനിക്ക് ഒരു കച്ചിത്തുരുമ്പായിരുന്നു കെനിഷ. മുങ്ങിമരിക്കാൻ പോകുന്ന ഒരാളെ രക്ഷിക്കാൻ തീരുമാനിച്ച ഒരു സുഹൃത്തായി ആദ്യം വന്നു. പിന്നീട് അവൾ ജീവിതത്തിൽ വലിയ പിന്തുണയായി മാറി. തകർന്നുപോയ ജീവിതത്തിൽ കണ്ണിൽ നിന്ന് രക്തം പൊടിയുന്ന ദുഃഖത്തിൽ അകപ്പെട്ട എനിക്കൊപ്പം നിന്നു. എന്റെ സ്വന്തം വീട്ടിൽ നിന്ന് നഗ്‌നപാദനായി നൈറ്റ് സ്യൂട്ട് മാത്രം ധരിച്ച് പഴ്സ്, വാഹനങ്ങൾ, രേഖകൾ, എന്റെ പ്രിയപ്പെട്ട സാധനങ്ങൾ, എന്റെ അന്തസ്സ് പോലും നഷ്ടപ്പെട്ട് പുറത്തുപോകേണ്ടി വന്നപ്പോൾ എന്റെ കൂടെ നിൽക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാഹചര്യം പ്രതികൂലമായിട്ട് പോലും എനിക്കൊപ്പം നിൽക്കാൻ കെനിഷ മടിച്ചില്ല. അവൾ പതറിയില്ല. അവൾ എന്റെ ജീവിതത്തിൽ വെളിച്ചം പകരുന്ന സുന്ദരിയായ കൂട്ടുകാരിയാണ്. ഞാൻ നിയമപരമായും വൈകാരികമായും സാമ്പത്തികമായും പൊരുതിയ എല്ലാ പോരാട്ടങ്ങളും അവൾ കണ്ടു, പ്രശസ്തിക്കും പണത്തിനും ശ്രദ്ധയ്ക്കും വേണ്ടിയല്ല, മറിച്ച് സഹാനുഭൂതിയും കരുത്തും പകരാൻ മാത്രമാണ് അവൾ എന്റെ ഒപ്പം നിന്നത്. എന്നിൽ വെളിച്ചമുണ്ടെന്നും സന്തോഷിക്കാൻ എനിക്ക് അർഹതയുണ്ടെന്നും അവൾ എന്നെ ഓർമിപ്പിച്ചു. നിശബ്ദ പോരാട്ടങ്ങൾ നടത്തുന്ന ഓരോ വ്യക്തിക്കും ഇതൊരു പാഠമാകട്ടെ. നിങ്ങളുടെ ജീവിതത്തിലും ഒരു ‘വെളിച്ചം’ നിങ്ങളെ തേടിവരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എനിക്കും എന്റെ മാതാപിതാക്കൾക്കും എന്റെ ഒപ്പമുള്ള ടീമിനും വേണ്ടി അവൾ ചെയ്തത് ആദരവർഹിക്കുന്ന ഒന്നാണ്. അവളെ സ്വഭാവഹത്യ ചെയ്യാനോ അവളുടെ തൊഴിലിനോട് അനാദരവ് കാണിക്കാനോ ഞാൻ ഒരിക്കലും അനുവദിക്കില്ല. അവൾ ഒരു സ്പിരിച്യുൽ തെറാപ്പിസ്റ്റാണ്. അവൾ അതുല്യയും മിടുക്കിയുമായ ഗായികയാണ്. എന്റെ കഥ കേട്ട നിമിഷം മുതൽ ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ അല്ല, ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമേ എന്നെ സഹായിക്കൂ എന്ന് അവൾ എനിക്ക് ഉറപ്പ് നൽകി. കാരണം അത് നിയമവിരുദ്ധമാണ്, സാമൂഹിക സംരക്ഷകരുടെയും കൊള്ളക്കാരുടെയും ഒരു കുടുംബത്തിൽ നിന്ന് കഷ്ടപ്പെട്ടതിനാൽ എനിക്ക് അത് മറ്റാരേക്കാളും നന്നായി മനസ്സിലാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel attack on Gaza: കൊടുംക്രൂരത ! ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 143 മരണം, ആകെ മരണസംഖ്യ 53,000 കടന്നു

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

അടുത്ത ലേഖനം
Show comments