സംസ്ഥാന-ദേശീയ അവാർഡ് നിർണയത്തിനെതിരെ സംവിധായകൻ രൂപേഷ് പീതാംബരൻ. അവാർഡുകൾ പലപ്പോഴും നിർണയിക്കപ്പെടുന്നത് ലോബിയിങിലൂടെയാണെന്ന് പൊതുസംസാരം നിലനിൽക്കുന്നതിനിടെയാണ് സമാന ആരോപണവുമായി രൂപേഷ് പീതാംബരൻ രംഗത്ത് വന്നിരിക്കുന്നത്.
ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ ആരോപണം. ദേശീയ അവാർഡിന്റെ കാര്യത്തിൽ പലപ്പോഴും അത് നടക്കാറുണ്ട്. അങ്ങനെ വരുമ്പോഴാണ് ഒരേസമയം രണ്ട് പേർക്ക് അവാർഡ് നൽകുന്നതെന്നും അത്തരത്തിലൊരു സംഭവം താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും രൂപേഷ് പറയുന്നു. പിന്നാലെയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരേയും രൂപേഷ് ആരോപണം ഉന്നയിക്കുന്നത്.
''കേരളത്തിൽ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായൊരു സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാൽ ഏത് സിനിമയാണെന്ന് മനസിലാകും. എങ്കിലും പറയാം. ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാർഡില്ലേ എന്ന് ചോദിച്ചു.
വിശ്വസിക്കാനാകില്ല. ആ സിനിമയ്ക്ക് നടൻ, സംവിധായകൻ, സിനിമ, നടി എല്ലാ സ്‌റ്റേറ്റ് അവാർഡും കിട്ടി. അതിലെ ഒരു നിർമാതാവ് നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാൻ പറ്റാത്തതിനാൽ വേറൊരു സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു. മൊത്തം അവാർഡും ആ ടീമിനായിരുന്നു. സിനിമയുടെ പേരും വർഷവും പറയില്ല.
ലോബിയിങ് ആണ്. എന്റെ സിനിമകളൊന്നും അവാർഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല. എന്റെ നിർമാണക്കമ്പനിയെടുത്ത ആദ്യത്തെ തീരുമാനം അതായിരുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഒരു സിനിമയും അവർ ദേശീയ അവാർഡിന് അയക്കില്ല. ഫിലിംഫെസ്റ്റിവലിന് മാത്രമാണ് അയക്കുക. അതിന് മറ്റൊരു കാരണമുണ്ട്. ബിസിനസ് നടക്കാൻ വേണ്ടിയാണ്. പക്ഷെ അവാർഡിന് അവർ അയക്കില്ല. ഞാൻ അതിനോട് യോജിക്കുന്നു. കാരണം കട്ട ലോബിയിങ് ആണ് നടക്കാക്കുന്നത്', രൂപേഷ് പറഞ്ഞു.
രൂപേഷിന്റെ വാക്കുകൾ വൈറലായതോടെ ആ സിനിമ ഏതെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. പലരും കമന്റുകളിലൂടെ ആരോപിക്കുന്നത് അത് ദുൽഖർ സൽമാൻ നായകനായ ചാർലി ആണെന്നാണ്. 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചാർലി. ചിത്രത്തിന് മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ ഉൾപ്പടെ എട്ട് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ചാർലിയുടെ നിർമാതാക്കളിൽ ഒരാളായ ജോജു ജോർജിന് ആ വർഷം ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ സിനിമകളിലെ പ്രകടനങ്ങൾക്ക് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.
രൂപേഷിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്. ദുൽഖറിനും ചാർലിയ്ക്കുമെതിരെ തന്നെയാണോ രൂപേഷിന്റെ ഒളിയമ്പ് എന്ന് വ്യക്തമായിട്ടില്ല. അതേസമയം ചാർലിയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ചിത്രം അർഹിച്ചത് തന്നെയായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.