സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ അനാവശ്യ തള്ളലുകളാണ് ഒടിയൻ സിനിമയ്ക്ക് എതിരെ വരുന്ന പ്രതികരണങ്ങൾക്ക് കാരണമായതെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സിനിമ മാറുമ്പോള്‍ അവര്‍ അഭിപ്രായം പറഞ്ഞെന്നുവരും, അതിന് അവരുടെ തലയിൽ കയറാൻ നോക്കിയിട്ട് കാര്യമില്ല - സലിം വ്യക്തമാക്കി.
ഒടിയൻ റിലിസ് ചെയ്യുന്നതിന്റെ തലേ ദിവസം ശ്രീകുമാര്‍ മേനോന്‍ നടത്തിയ നൂറുകോടിയുടെ കഥയാണ് ഈ സിനിമയ്ക്ക് ഉണ്ടായ പ്രധാന കോട്ടങ്ങളിൽ ഒന്ന്. സിനിമയെ പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്, അല്ലാതെ സംവിധായകനല്ല. അനവസരത്തിലുള്ള ഇത്തരം വർത്തമാനങ്ങൾ ശ്രീകുമാര്‍ മേനോന്‍ ഇനിയെങ്കിലും നിര്‍ത്തുന്നതാണ് ഈ സിനിമയ്ക്ക് നല്ലത്.
മോഹൻലാൽ എന്ന അതുല്യ നടന്റെയും പ്രകാശ് രാജിന്റെയും അഭിനയ മികവാണ് ഒടിയന്റെ നേട്ടങ്ങളിൽ പ്രധാനം. പ്രേക്ഷകരുടെ പ്രതീക്ഷ സഫലീകരിക്കാൻ പറ്റാതെ വരുമ്പോൾ അവരുടെ തലയിൽ കയറാൻ നോക്കിയിട്ട് കാര്യമില്ല. കരുതിക്കൂട്ടി ഡീഗ്രേഡിംഗ് നടത്തുന്നു പ്രഖ്യാപനം ഒരു വിഭാഗം പ്രേക്ഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ പല അഭിപ്രായങ്ങൾ വരുന്നത് സ്വാഭാവികമാണ്, അതില്‍ വെപ്രാളം കാട്ടിയിട്ട് കാര്യമൊന്നുമില്ല.
‘ഒടിയന്‍’ സിനിമയെ കുറിച്ച് മാന്യമായ റിപ്പോർട്ട് സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ സൈറ്റില്‍ കൊടുത്തിട്ടാണ് ഈ അഭിപ്രായം പറയുന്നത്. ചിലർക്ക് ചില പണി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുന്നതായിരിക്കും നല്ലത്. സിനിമ മോശമായതിന് പ്രേക്ഷകരുടെ തോളിൽ കയറുന്നത് പ്രൊഫഷണലിസമല്ല - സലിം പി ചാക്കോ പ്രതികരിച്ചു.