കഴിഞ്ഞ വർഷം ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമായിരുന്നുഅല്ലു അർജുൻ നായകനായെത്തിയ പുഷ്പ. സിനിമ മാത്രമല്ല പുഷ്പയിലെ എല്ലാ ഗാനങ്ങളും കൂട്ടത്തിൽ സാമന്ത നൃത്തമാടിയ ഐറ്റം സോംഗ് കൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഊ ആണ്ടവാ എന്ന ആ ഗാനരംഗത്തിലെത്തിയ സാഹചര്യം വ്യക്തമാക്കുകയാണ് നടി സാമന്ത.
നാഗചൈതന്യയുമായുള്ള ഡിവോഴ്സ് നടപടികൾ നടക്കുന്നതിനിടെയായിരുന്നു ഈ പാട്ടിന് ക്ഷണം ലഭിച്ചതെന്ന് താരം പറയുന്നു. അതിനാൽ തന്നെ ഇതിൽ ഞാൻ അഭിനയിക്കുന്നതിൽ വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ ഒന്നും തന്നെ ഇഷ്ടമുണ്ടായിരുന്നില്ല. തൻ്റെ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളത്തിൻ്റെ പ്രചാരണത്തിനിടെ കൊടുത്ത അഭിമുഖത്തിൽ താരം പറഞ്ഞു.
പാട്ട് ചെയ്യുന്നതിനെ കുടുംബവും സുഹൃത്തുക്കളും വിലക്കി. വീട്ടിൽ അടങ്ങിയിരിക്കാനാണ് എല്ലാവരും പറഞ്ഞത്. എന്നെ ഏറ്റവും പിന്തുണയ്ക്കുന്ന സുഹൃത്തുക്കൾക്ക് പോലും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു എൻ്റെ അഭിപ്രായം. വിവാഹജീവിതത്തിനായി ഞാൻ 100 ശതമാനവും നൽകി. ആ ഗാനത്തിൻ്റെ വരികൾ എനിക്ക് ഇഷ്ടമായിരുന്നു. സിനിമയിലെ ഒരു കഥാപാത്രത്തെ പോലെയാണ് ഞാൻ ആ ഗാനരംഗത്തെ കണ്ടത്. അതിനാൽ തന്നെ ആ പാട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചു സാമന്ത പറഞ്ഞു.