ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം ലഭിക്കാത്തതിൻ്റെ സങ്കടം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തൻ്റെ സുഹൃത്തുക്കൾ ഇന്ത്യൻ ടീമിൽ കളിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു. സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് മുൻപായി രോഗൻ ഗവാസ്കറുമായി സംസാരിക്കവെയാണ് സഞ്ജുവിൻ്റെ പ്രതികരണം.
സത്യം പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ കടന്നുപോകുന്ന കാര്യങ്ങൾ നമ്മളെ പോസിറ്റീവായി സ്വാധീനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ സുഹൃത്തുക്കളെല്ലാം രാജ്യത്തിന് കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സിംബാബ്‌വെയ്ക്കെതിരെ സമ്മർദ്ദ സാഹചര്യങ്ങളിൽ സ്വയം പരീക്ഷിക്കണമെന്ന് തനിക്കുണ്ടായിരുനുവെന്നും ക്യാപ്റ്റൻ സ്ഥാനം ലഭിച്ചപ്പോൾ ക്രിക്കറ്റിനോടുള്ള തൻ്റെ സമീപനം തന്നെ മാറിയെന്നും സഞ്ജു പറഞ്ഞു.
ഞാൻ പോകുന്ന ഇടത്തെല്ലാം ആരാധകർ ആർപ്പുവിളിക്കുമ്പോൾ ആശ്ചര്യം തോന്നാറുണ്ട്. ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു. മലയാളി ക്രിക്കറ്ററെന്ന നിലയിൽ രാജ്യത്തിനായി കളിക്കുന്നതിലും അഭിമാനമുണ്ട്. സഞ്ജു സാംസൺ പറഞ്ഞു.