സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന കാലം. ശ്രീനിവാസനും സത്യന്‍ അന്തിക്കാടും എഴുത്തിന്റെ ജോലികളിലാണ്. എറണാകുളത്തെ ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് ഇന്നസെന്റ് രാവിലെ തന്നെ എത്തും. കല്ലേറ്റുംകര എന്ന റെയില്‍വേ സ്റ്റേഷനില്‍ കാര്‍ നിര്‍ത്തി സെക്കന്‍ഡ് ക്ലാസിലാണ് ഇന്നസെന്റ് യാത്ര ചെയ്യാറ്. വന്നു പോകാറുള്ള ഇന്നസെന്റിനോട് സത്യന്‍ അന്തിക്കാട് ഇന്നിവിടെ നില്‍ക്കാമെന്ന് പറഞ്ഞാലും അദ്ദേഹം അത് കേള്‍ക്കാറില്ല. അതിനൊരു കാരണമുണ്ട്.
ഭാര്യ ആലീസ് കാത്തിരിക്കും എന്നത് കൊണ്ടല്ല. ഇരിങ്ങാലക്കുടയില്‍ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന സ്ഥിരം ആളുകളുണ്ട്. അവരില്‍ മൂന്നാല് പേരെങ്കിലും ഇന്നസെന്റിന്റെ കൂടെ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ വരും. അവരുടെ തിരിച്ചുള്ള യാത്രയും നടനൊപ്പം തന്നെയായിരിക്കും. ഇത് പതുവായതുകൊണ്ട് അവര്‍ കാത്തുനില്‍ക്കും. അവരെ നിരാശപ്പെടുത്താന്‍ പറ്റില്ല. അതുകൊണ്ടാണ് പതിവ് യാത്ര ഇന്നസെന്റ് മുടക്കാറില്ലായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു.