' കഴിഞ്ഞ തവണ കണ്ടപ്പോള്‍ ശ്രീനി പറഞ്ഞു, 'എനിക്ക് മതിയായി' '; സുഹൃത്തിന്റെ ഓര്‍മയില്‍ സത്യന്‍ അന്തിക്കാട്
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലാണ് സത്യനും ശ്രീനിയും ആദ്യമായി ഒന്നിക്കുന്നത്
Sreenivasan and Sathyan Anthikkad
ശ്രീനിവാസന്റെ നിര്യാണത്തില്‍ വേദനയോടെ സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാട്. കഴിഞ്ഞ തവണ ശ്രീനിയെ കണ്ടപ്പോള്‍ 'എനിക്ക് മതിയായി' എന്നാണ് അദ്ദേഹം പറഞ്ഞത്. 'അതൊന്നും നോക്കണ്ട, നമുക്ക് തിരിച്ചുവരാം' എന്നുപറഞ്ഞ് അന്ന് ധൈര്യം പകര്‍ന്നെന്നും ഇപ്പോഴത്തെ വിടവാങ്ങല്‍ ഏറെ വേദനിപ്പിക്കുന്നതായും സത്യന്‍ അന്തിക്കാട് പറഞ്ഞു.
' ശ്രീനി കുറേ നാളുകളായി സുഖമില്ലാതെ കിടക്കുകയായിരുന്നല്ലോ. ഒന്നും പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍. കാരണം, ശ്രീനിവാസനും ഞാനുമായുള്ള ആത്മബന്ധം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞാന്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കാണാന്‍ പോകാറുണ്ട്. മിനിഞ്ഞാന്ന് ഫോണില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ തവണ കാണാന്‍ പോയപ്പോള്‍ എന്നോടു പറഞ്ഞു, 'എനിക്ക് മതിയായി' എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'അത് നോക്കിയിട്ട് കാര്യമില്ല. നമുക്ക് തിരിച്ചുവരാം' എന്ന്,' കണ്ണീരണിഞ്ഞ് സത്യന്‍ പ്രതികരിച്ചു.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലാണ് സത്യനും ശ്രീനിയും ആദ്യമായി ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ ശ്രീനിവാസന്‍ ആയിരുന്നു. പിന്നീട് സന്മനസുള്ളവര്‍ക്കു സമാധാനം, ടിപി ബാലഗോപാലന്‍ എംഎ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം, ഗോളാന്തരവാര്‍ത്ത, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൂട്ടുകെട്ടാണിത്.