തനിക്ക് ഹൃദയാഘാതമുണ്ടാവാന്‍ കാരണമായത് കൊവിഡ് 19 വാക്‌സിന്‍ എടുത്തതിനാലുള്ള പാര്‍ശ്വഫലമാകാമെന്ന് നടന്‍ ശ്രേയസ് തല്‍പ്പഡെ. പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതമുണ്ടായതെന്ന് അറിയില്ലെന്നും അത് കൊവിഡ് വാക്‌സിനേഷന്‍ മൂലമാകാമെന്നും ഒരു അഭിമുഖത്തിനിടെയാണ് താരം വ്യക്തമാക്കിയത്. കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലമുണ്ടാകാന്‍ സാധ്യതയുള്ളതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ പറ്റി സംസാരിക്കവെയാണ് തനിക്കുണ്ടായ ഹൃദയാഘാതത്തെ പറ്റി താരം മനസ് തുറന്നത്.
ഞാന്‍ പുക വലിക്കാറില്ല, സ്ഥിരം മദ്യപാനിയല്ല. മാസത്തിലൊരിക്കല്‍ മാത്രമാണ് കഴിക്കുന്നത്. പുകയില ഉപയോഗിക്കാറില്ല. കൊളസ്‌ട്രോള്‍ അല്പം കൂടുതലാണ്. എന്നാല്‍ അത് സാധാരണമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഇല്ല. പിന്നെങ്ങനെ ഹൃദയാഘാതം ഉണ്ടാകും. കൊവിഡ് വാക്‌സിന്‍ എടുത്തവരില്‍ പാര്‍ശ്വഫലമുണ്ടാകും എന്ന സാധ്യത ഞാന്‍ തള്ളികളയുന്നില്ല. കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം ക്ഷീണവും തളര്‍ച്ചയും എനിക്ക് അനുഭവപ്പെട്ടിരുന്നു. ഒരു പക്ഷേ ഈ വാക്‌സിന്റെ പാര്‍ശ്വഫലം മൂലമാകാം. കൊവിഡ് വാക്‌സിനെ പറ്റി പ്രചരിക്കുന്ന വാര്‍ത്തയില്‍ അല്പം സത്യമുണ്ടാകണം.
എന്തെന്നാല്‍ നമ്മുടെ ശരീരത്തില്‍ ശരിക്കും നടക്കുന്നത് എന്താണെന്ന് നമുക്ക് അറിയില്ല. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. നമ്മള്‍ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. താരം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു ശ്രേയസ് തല്‍പ്പഡെയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. രണ്ടാമത്തെ ജീവിതമാണ് ഇപ്പൊള്‍ തന്റേത് എന്നാണ് ഹൃദയാഘതത്തെ അതിജീവിച്ച ശേഷം താരം പറഞ്ഞത്.