എസ് പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ വിയോഗത്തില്‍ സ്‌തംഭിച്ചുനില്‍ക്കുകയാണ് ഇന്ത്യന്‍ സംഗീതലോകം. ആ നഷ്‌ടത്തിന്‍റെ ആഴത്തേക്കുറിച്ച് ഓരോ നിമിഷവും ഏവരും പറഞ്ഞുകൊണ്ടേയിരിക്കുന്നു. എസ് പി ബിയുടെ അടുത്ത സുഹൃത്തും സംഗീതത്തില്‍ കൈപിടിച്ച് ഒപ്പം നടന്നയാളുമായ ഇളയരാജയ്ക്കും ആ വിയോഗം താങ്ങാനാകുന്നില്ല.
“ബാലൂ... വേഗം ഏഴുന്നേറ്റുവരൂ... നിന്നെ കാണുന്നതായി ഞാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞില്ലേ? നീ അത് കേട്ടില്ല. പൊയ്‌ക്കളഞ്ഞു. എവിടെപ്പോയി? ഗന്ധര്‍വ്വന്‍മാര്‍ക്കായി പാടുന്നതിനായി പോയതാണോ? ഇവിടെ ലോകം ശൂന്യമായിരിക്കുന്നു. ഈ ലോകത്തിലെ ഒന്നും എനിക്കറിയുന്നില്ല. സംസാരിക്കാനാവുന്നില്ല. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്ത് പറയണമെന്നേ അറിയില്ല. എല്ലാ ദുഃഖത്തിനും ഒരു അളവുണ്ട്, ഇതിന് അളവില്ല” - ഇളയരാജ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
വിവിധ ഭാഷകളിലുമായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് എസ് പി ബി വിട പറഞ്ഞത്. ശരീരം മാത്രമാണ് അകന്നുപോയത്, ശാരീരം ജനകോടികളുടെ കാതുകളില്‍ എന്നും നിറഞ്ഞുനില്‍ക്കും. അതുമാത്രമാണ് ഓരോ സംഗീതാസ്വാദകന്‍റെയും ആശ്വാസവും.