ഓൺലൈൻ വായ്‌പ തട്ടിപ്പിനിരയായി ബോളിവുഡ് താരം സണ്ണി ലിയോൺ.ഫിൻടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്‌ടാവ് വായ്‌പ എടുത്തത്. ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയതിനാൽ തന്റെ സിബിൽ സ്കോറിനെ ബാധിച്ചതായി താരം ട്വീറ്റ് ചെയ്‌തു.
ധനി സ്റ്റോക്സ് ലിമിറ്റഡ് നേരത്തെ ഇന്ത്യാ ബുൾസ് സെക്യുരിറ്റീസ് ലിമിറ്റഡായിരുന്നു. ഈ കമ്പനിയെയും ഇന്ത്യാബുൾസ് ഹോം ലോണിനെയും ടാഗ് ചെയ്തുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.ധനി സ്റ്റോക്സിന്റെ ഉടമസ്ഥരാണ് ഇന്ത്യാ ബുൾസ് ഗ്രൂപ്പ്. അഞ്ച് ലക്ഷം വരെയുള്ള വിവിധ വായ്പകളാണ് ഇവർ വാഗ്‌ദാനം ചെയ്യുന്നത്.
താരത്തിന്റെ ട്വീറ്റ് പരസ്യമായതോടെ കമ്പനിയും സിബിൽ അതോറിറ്റിയും പരിഹാരവുമായി എത്തി. താരത്തിന്റെ രേഖകളിൽ നിന്ന് ഈ വ്യാജ ഇടപാടിന്റെ എൻട്രികൾ തിരുത്തുകയും സണ്ണി ലിയോണിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.