ലക്ഷദീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടന്റെ പേരെടുത്തു പറയാതെ ഈ വിഷയത്തില്‍ സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കി. താന്‍ പറയുന്നതില്‍ രാഷ്ട്രീയം കാണരുതെന്നും അഭ്യര്‍ഥനയാണെന്നും അദ്ദേഹം പറയുന്നുണ്ട്.
സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്
പ്ലീസ്.. പ്ലീസ്.. പ്ലീസ്.. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ പിന്‍ഗാമികളായി അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം.
പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്.
അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങളുടെ ആഴം നിങ്ങള്‍ എത്ര വേണമെങ്കിലും വര്‍ധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇത് തീര്‍ച്ചയായിട്ടും ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ്.
അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനുള്ള ഐക്യദാര്‍ഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകള്‍ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാന്‍. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കില്‍ നമ്മള്‍ പാപികളാകും. അത് ഓര്‍ക്കണം. അഭ്യര്‍ഥനയാണ്. രാഷ്ട്രീയം കാണരുത് ഇതില്‍.വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍. സത്യസന്ധതയും മാന്യതയും കൈവിടാതിരിക്കൂ, വികാരങ്ങള്‍ ശുദ്ധവും സത്യസന്ധവുമാവട്ടെ'-സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.