Suresh gopi, Mammootty kampany
ലോകസഭാ തിരെഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ദേശീയ രാഷ്ട്രീയത്തില്‍ തന്നെ തിളങ്ങിനില്‍ക്കുകയാണ് മലയാളം സിനിമാതാരം കൂടിയായ സുരേഷ് ഗോപി. തൃശൂരില്‍ നിന്നും എം പിയായി തിരെഞ്ഞെടുക്കപ്പെട്ടെങ്കിലും സിനിമയില്‍ സജീവമായി തന്നെ തുടരുമെന്നാണ് സുരേഷ് ഗോപി ലോകസഭയിലേക്ക് വിജയിച്ചതിന് ശേഷം വ്യക്തമാക്കിയത്. കുറെ അധികം സിനിമകള്‍ വരാനുണ്ടെന്നും അതില്‍ തന്നെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയില്‍ തനിക്ക് വലിയ പ്രതീക്ഷകളാണുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുകയാണ്.
തിരെഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേദിവസം ആളെ വിട്ട് പുതിയ സിനിമയ്ക്കുള്ള ഒരുക്കങ്ങള്‍ മമ്മൂട്ടി കമ്പനി ആരംഭിച്ചെന്നും ഓഗസ്റ്റില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ഇതോടെ മമ്മൂട്ടി കമ്പനി പുതുതായി ചെയ്യാനിരിക്കുന്ന സിനിമ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. മഹേഷ് നാരായണനാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ സിനിമ ഒരുക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ടര്‍ബോ ലൊക്കേഷനില്‍ മഹേഷ് നാരായണനും ഫഹദ് ഫാസിലും മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയത് ഈ സിനിമയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചനകള്‍.
സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടി,ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ ഒരു വിക്രം തന്നെയാകും സിനിമയെന്ന പ്രതീക്ഷയിലാണ് ഇതോടെ ആരാധകര്‍. സുഷിന്‍ ശ്യാമാകും സിനിമയുടെ സംഗീത സംവിധായകനെന്നും സൂചനയുണ്ട്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ നിര്‍മാണ സംരംഭമാകും ഇത്.