Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളം കണ്ട ഏറ്റവും വലിയ ജീനിയസ്, ഓരോ ചിത്രങ്ങളും മാസ്റ്റർ പീസാക്കിയ സംവിധായകൻ

മലയാളം കണ്ട ഏറ്റവും വലിയ ജീനിയസ്,  ഓരോ ചിത്രങ്ങളും മാസ്റ്റർ പീസാക്കിയ സംവിധായകൻ
, ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (11:35 IST)
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ജീനിയസ്സുകളില്‍ ഒരാളായ സംവിധായകന്‍ കെ ജി ജോര്‍ജ് കാലയവനികയ്ക്കുള്ളില്‍ മടങ്ങി. 1946ല്‍ തിരുവല്ലയിലാണ് കെ ജി ജോര്‍ജിന്റെ ജനനം. രാമു കാര്യാട്ടിന്റെ മായ എന്ന സിനിമയില്‍ സഹ സംവിധായകനായാണ് കെ ജി ജോര്‍ജ് തന്റെ സിനിമാജീവിതത്തിന് തുടക്കം കുറിച്ചത്. 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിനിമാസംവിധാനത്തില്‍ ഡിപ്ലോമ എടുത്ത ശേഷമായിരുന്നു കെജി ജോര്‍ജിന്റെ സിനിമാപ്രവേശം.
 
1975ല്‍ പുറത്തിറങ്ങിയ സ്വപ്നാടനം എന്ന സിനിമയിലൂടെയാണ് കെ ജി ജോര്‍ജ് സംവിധായകനായി മാറുന്നത്. മലയാള സിനിമ അതുവരെ പിന്തുടര്‍ന്ന സാമ്പ്രദായികമായ രീതികളില്‍ നിന്നും പുറം തിരിഞ്ഞുനില്‍ക്കുന്ന സിനിമകളായിരുന്നു കെ ജി ജോര്‍ജ് തന്റെ സിനിമാ ജീവിതത്തില്‍ ഉടനീളം സംവിധാനം ചെയ്തത്. സ്വപ്നാടനം എന്ന ആദ്യ സിനിമയില്‍ തന്നെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും കെ ജി ജോര്‍ജ് സ്വന്തമാക്കി. തുടര്‍ന്ന് ഓരോ സംവിധായകനും പാഠപുസ്തകമാക്കാന്‍ സാധിക്കും വിധം വൈവിധ്യകരമായ സിനിമകളാണ് കെ ജി ജോര്‍ജ് ഒരുക്കിയത്.
 
webdunia
സ്ത്രീപക്ഷ സിനിമകള്‍ എന്ന ലേബലില്‍ തന്നെ ഇന്ന് സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ ഒരു കണ്ണി കൂടി,ആദാമിന്റെ വാരിയെല്ല്, യവനിക, മറ്റൊരാള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങി നിരവധി സിനിമകളിലൂടെ അത് വളരെ സാധാരണമായി കൈകാര്യം ചെയ്ത സംവിധായകനാണ് കെ ജി ജോര്‍ജ്. കെ ജി ജോര്‍ജിനോളം സ്ത്രീപക്ഷ സിനിമകള്‍ ചെയ്ത മറ്റൊരു സംവിധായകനും മലയാളം സിനിമയില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ചെയ്ത സിനിമകളുടെ പട്ടിക സാക്ഷ്യം നല്‍കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ കരിയറിന്റെ തുടക്കത്തില്‍ കെ ജി ജോര്‍ജ് സിനിമകള്‍ നല്ല രീതിയില്‍ സഹായം ചെയ്തിട്ടുണ്ട്. മികച്ച നടനെന്ന ലേബല്‍ മമ്മൂട്ടി ഉണ്ടാക്കിയത് കെ ജി ജോര്‍ജ് ചിത്രങ്ങളുടെ കൂടി മികവിലായിരുന്നു.
 
ഈ ചിത്രങ്ങളുടെ കൂട്ടത്തില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യചിത്രമായി കണക്കാക്കുന്ന പഞ്ചവടിപ്പാലവും കെ ജി ജോര്‍ജ് സംവിധാനം ചെയ്തു. അവസാനം സംവിധാനം ചെയ്ത ചിത്രമായ ഇലവങ്കോട് ദേശം വലിയ പരാജയമായിരുന്നു. സിനിമയ്ക്കിടെ മമ്മൂട്ടിയുമായി കെ ജി ജോര്‍ജിനുണ്ടായ അസ്വാരസ്യങ്ങള്‍ അന്ന് വാര്‍ത്തയായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമയും കെ ജി ജോര്‍ജ് സംവിധാനം ചെയ്തിട്ടില്ല. കെ ജി ജോര്‍ജ് കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് മലയാളം ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജീനിയസ്സിനെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയുടെ സ്വപ്നാടകൻ, സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു