കോടതി നിയമങ്ങൾ കാറ്റിൽ പറത്തി കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ
പശ്ചിമ ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്
Publish Date: Fri, 27 Feb 2026 (11:12 IST)
Updated Date: Fri, 27 Feb 2026 (11:21 IST)
കഴിഞ്ഞ ദിവസമായിരുന്നു കേരള സ്റ്റോറി 2ന്‍റെ റിലീസ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കേരള സ്റ്റോറി 2 വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു നടപടി. 15 ദിവസത്തെക്കായിരുന്നു ഇടക്കാല സ്റ്റേ. ഇതിനിടയിൽ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ. പശ്ചിമ ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള ഷോകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
ഇന്നലെയായിരുന്നു സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് സ്റ്റേ ചെയ്തത്. ചിത്രത്തിലെ പ്രമേയത്തിന് കേരളത്തിൻ്റെ പേര് നൽകിയത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹരജിയിലായരുന്നു നടപടി. ഹരജി പരിഗണിച്ച കോടതി ആദ്യം സിനിമ കാണാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും കോടതി നിർദേശിച്ചു.
സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയതാണെന്നും അതുകൊണ്ട് കൂടുതൽ പരിശോധന ആവശ്യമില്ലെന്ന നിലപാടായിരുന്നു നിർമ്മാതാക്കളുടേത്. ടീസറിൽ കാണിച്ച രംഗങ്ങൾ സിനിമയിൽ ഇല്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമ ഒരുക്കിയതെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദമെന്ന കാര്യമാണ് ഹരജിക്കാരൻ ഉന്നയിച്ചത്. ഹരജിക്കാരൻ്റെ വാദം അംഗീകരിച്ച കോടതി രണ്ടാഴ്ചത്തേക്ക് റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവിടുകയായിരുന്നു.