വിജയ് സേതുപതിയുടെ പുതിയ ചിത്രമായ 800നെതിരെ ട്വിറ്ററിൽ ക്യാമ്പയിൻ. ക്രിക്കറ്റ് ലോകത്തെ സ്പിൻ മാന്ത്രികനായിരുന്ന ശ്രീലങ്കൻ കളിക്കാരൻ മുത്തയ്യ മുരളീധരന്റെ ജീവിതകഥ പ്രമേയമാകുന്ന 800 എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.
തമിഴ് വംശജനായ ശ്രീലങ്കന്‍ എന്ന മുത്തയ്യ മുരളീധരന്‍റെ സ്വത്വമാണ് പ്രതിഷേധക്കാർ പ്രശ്‌നമാക്കുന്നത്. തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓര്‍ക്കണമെന്നും ഈ സിനിമയിൽ അഭിനയിക്കുന്നതോടെ വിജയ് സേതുപതി തങ്ങളുടെ പ്രിയതാരം അല്ലാതാവുമെന്നും പ്രതിഷേധക്കാർ പറയുന്നു.
താന്‍ ആദ്യമായി ഒരു ശ്രീലങ്കന്‍ ആണെന്നും പിന്നീടേ തമിഴ് സ്വത്വം വരുന്നുള്ളുവെന്നും മുത്തയ്യ മുരളീധരൻ പറയുന്ന വീഡിയോ ക്ലിപ്പുകളും പ്രതിഷേധക്കാർ പ്രചരിപ്പിക്കുന്നുണ്ട്. #ShameOnVijaySethupathi എന്ന ഹാഷ് ടാഗ് മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നതിനു ശേഷമുള്ള മണിക്കൂറുകളില്‍ ട്രെൻഡിങ് ആവുകയും ചെയ്‌തു. വിജയ് സേതുപതിയുടെ പുറത്തിറാങ്ങാനിരിക്കുന്ന മാസ്റ്റർ അടക്കമുള്ള ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുണ്ട്.