പഴയകാല സൂപ്പര്‍ ഹിറ്റ് സിനിമകള്‍ റീ- റിലീസ് ചെയ്യുകയും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയും ചെയ്യുന്നത് തെന്നിന്ത്യയില്‍ ഇപ്പോള്‍ ഒരു സ്ഥിരം സംഭവമായിരിക്കുകയാണ്. തമിഴില്‍ ഗില്ലിയും മലയാളത്തില്‍ ദേവദൂതനും സ്ഫടികവുമെല്ലാം റീ- റിലീസില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ സിനിമകളാണ്. ഇപ്പോഴിതാ ബോളിവുഡിലും ഈ ട്രെന്‍ഡിന് തുടക്കമായിരിക്കുകയാണ്.
ഷാറൂഖ് ഖാന്റെ റൊമാന്റിക് ക്ലാസിക് സിനിമയായ വീര്‍ സാറയാണ് ഇപ്പോള്‍ റീ- റിലീസില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഈ മാസം പതിമൂന്നാം തീയ്യതിയാണ് സിനിമ റീ റിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയില്‍ നിന്നും 67 കോടിയും വിദേശത്ത് നിന്ന് 37 കോടിയുമാണ് സിനിമ നേടിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ റിലീസ് ചെയ്തപ്പോള്‍ 2.5 കോടി രൂപയാണ് സിനിമ നേടിയത്. ഇതോടെയാണ് സിനിമ 100 കോടി ക്ലബില്‍ കയറിയത്. ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ സിനിമ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
യാഷ് രാജ് ഫിലിംസ് നിര്‍മിച്ച സിനിമ യഷ് ചോപ്രയാണ് സംവിധാനം ചെയ്തത്. ഡര്‍, ദില്‍ തോ പാഗല്‍ ഹേ, എന്നീ സിനിമകള്‍ക്ക് ശേഷം യഷ് ചോപ്രയും ഷാറൂഖ് ഖാനും ഒന്നിച്ച സിനിമയായിരുന്നു വീര്‍ സാറ.പാകിസ്ഥാന്‍ സ്വദേശിയെ പ്രണയിക്കുന്ന ഇന്ത്യന്‍ സൈനികന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.