വിജയ് എന്ന നടന്റെ ഓരോ സിനിമകളായി റീ- റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രേക്ഷകര്‍ക്ക് ഇപ്പോഴും ആ സിനിമകള്‍ പുതുമ നല്‍കുന്നുണ്ട്. 2007 പുറത്തിറങ്ങിയ പോക്കിരിയാണ് ഇനി തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രഭുദേവയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 4കെ, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യകളില്‍ റീമാസ്റ്റര്‍ ചെയ്താണ് പ്രദര്‍ശനത്തിന് എത്തുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ആഗോള റിലീസിനാണ് നിര്‍മാതാക്കള്‍ പദ്ധതിയിരിക്കുന്നത്. വിജയ്‌യുടെ പിറന്നാള്‍ ദിനത്തിന് തലേന്ന് തന്നെ ജൂണ്‍ 21ന് സിനിമ പ്രദര്‍ശനത്തിന് എത്തും.
2006ല്‍ ഇതേ പേരില്‍ പ്രദര്‍ശനത്തിനെത്തിയ മഹേഷ് ബാബുവിന്റെ സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു പോക്കിരി. ആക്ഷന്‍ ത്രില്ലര്‍ സിനിമ 2007 ജനുവരി 12നാണ് പ്രദര്‍ശനത്തിന് എത്തിയത്. 200 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച സിനിമ കേരളത്തിലും വിജയം നേടി. വിജയ് യുടെ പിറന്നാളിന് അനുബന്ധിച്ച് പലതവണ കേരളത്തില്‍ ഈ സിനിമ റീ-റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ആദ്യമായി 75 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പോക്കിരി.
അടുത്തിടെ റിലീസ് ചെയ്ത വിജയുടെ ഗില്ലി വന്‍ തുക നേടിയിരുന്നു.റീ റിലീസിംഗ് പല ഭാഷാ സിനിമകളിലും ഉണ്ടാവാറുണ്ടെങ്കിലും തമിഴ് സിനിമയില്‍ ഇതൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.30 കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ റീ റിലീസിംഗിലൂടെ ചിത്രം നേടിയത്.