കുഞ്ഞിനെ ചേർത്തുപിടിച്ച് പാൽകുപ്പിയുമായി സൂര്യ: ‘വിശ്വനാഥ് ആൻഡ് സൺസ്’ ടൈറ്റില്‍ പോസ്റ്റർ
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
Publish Date: Tue, 03 Mar 2026 (11:51 IST)
Updated Date: Tue, 03 Mar 2026 (12:00 IST)
സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസ് ന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്ത്. പോസ്റ്ററിൽ ഒരു കൈയിൽ പാൽക്കുപ്പിയും പിടിച്ച്, ഒരു കുഞ്ഞിനെ ചുമലിൽ കെട്ടിയിരിക്കുന്ന കാരിയറിൽ പിടിച്ചുകൊണ്ട് പുഞ്ചിരിക്കുന്ന സൂര്യയെ കാണാം.
"വ്യത്യസ്തമായ പ്രണയം, ഒരു ലക്ഷ്യമുള്ള കുടുംബം... ജൂലൈയിൽ ഒരു പൂർണ്ണ എന്റർടെയ്‌നറായി ഞങ്ങൾ എത്തുന്നു"- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സൂര്യ കുറിച്ചു. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സൂര്യ, രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ, ബ്യോൺ സുറാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന തെലുങ്ക് ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. 2026 ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തും. എന്നാൽ കൃത്യമായ തീയതി നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.
2025 ൽ പുറത്തിറങ്ങിയ റെട്രോയായിരുന്നു സൂര്യ ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ. കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിന് ലഭ്യമാണ്.