Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് സ്ത്രീ പോരാട്ടങ്ങളുടെ നാഴികകല്ല്, ഹേമ കമ്മീഷൻ റിപ്പോർട്ട് പുതുവത്സരസമ്മാനമെന്ന് ഡബ്ല്യുസിസി

ഇത് സ്ത്രീ പോരാട്ടങ്ങളുടെ നാഴികകല്ല്, ഹേമ കമ്മീഷൻ റിപ്പോർട്ട് പുതുവത്സരസമ്മാനമെന്ന് ഡബ്ല്യുസിസി

അഭിറാം മനോഹർ

, വ്യാഴം, 2 ജനുവരി 2020 (13:57 IST)
സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി പഠിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിനെ പ്രസംസിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്(ഡബ്ല്യുസിസി). സ്ത്രീ പോരാട്ടങ്ങളുടെ നാഴികകല്ലും വഴിത്തിരുവുമാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളെന്ന് സംഘടന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 
 
ഈ നേട്ടം അവിസ്മരണീയമാണെന്നും അതിന് കേരള സർക്കാറിനെയും ഹേമ കമ്മീഷനെയും അഭിനന്ദിക്കുന്നതായും കേരളത്തിലെ സ്ത്രീകൾ പ്രത്യേകിച്ച് സിനിമാരംഗത്തെ സ്ത്രീസമൂഹം നിങ്ങളോട് കടപ്പെടുന്നതായും കുറിപ്പിൽ ഡബ്ല്യുസിസി പറയുന്നു. റിപ്പോർട്ട് നടപ്പിലാക്കുന്നതോടെ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം ലഭിക്കുമെന്നും ലിംഗസമത്വം എന്ന സ്വപ്നത്തിലേക്ക് സമൂഹം കൂടുതൽ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യുസിസി പറഞ്ഞു.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
 
എല്ലാവർക്കും പുതുവത്സരാശംസകൾ!!
 
ഹേമ കമ്മീഷൻ ശുപാർശ
ഞങ്ങളുടെ പുതുവത്സര സമ്മാനം!
ഒരു നീണ്ട കാത്തിരുപ്പിന് വിരാമമായി.
 
മലയാള സിനിമ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാൻ നിയുക്തമായ ഹേമ കമ്മീഷന്റെ ശുപാർശകൾ സർക്കാറിന് മുൻപാകെ എത്തിക്കഴിഞ്ഞു. ഞങ്ങൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 2017 ജൂലായ് മാസത്തിലാണ് സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. രണ്ടര വർഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷൻ ഇപ്പോൾ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
 
മലയാള സിനിമയിലെ അവ്യവസ്ഥകൾ പരിഹരിക്കാൻ ശക്തമായ നിയമ നിര്‍മ്മാണം തന്നെ വേണമെന്നാണ് ഏറ്റവും പ്രധാന ശുപാര്‍ശ. ഞങ്ങളുടെ സഹപ്രവർത്തക തൊഴിലിടത്തിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഡബ്ല്യു.സി.സി.യുടെ രൂപീകരണത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന ആവശ്യത്തിന് കിട്ടിയ ഒരംഗീകാരമാണ്. ഇന്ത്യൻ സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പഠനകമ്മീഷൻ ഉണ്ടാകുന്നത്. ചരിത്രമാണിത്. സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ്.
 
നാളിതുവരെയും നിയമാതീതമായ പ്രത്യേക അധികാര മേഖല പോലെ പ്രവർത്തിച്ചു പോരുന്ന മലയാള സിനിമയെ നിയമ വിധേയമാക്കാൻ കമ്മീഷൻ ശുപാർശകളിന്മേൽ ഇനി സർക്കാരിന്റെ സജീവമായ ഇടപെടലാണ് വേണ്ടത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ എക്സ് എം.പി യും നാഷണൽ അവാർഡ് ജേതാവുമായ നടി ശാരദ, റിട്ട. ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.ബി. വൽസല കുമാരി എന്നിവരാണ് അംഗങ്ങൾ. മൂന്ന് പേരും സംയുക്തമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ചിത്രീകരണ സ്ഥലങ്ങൾ ഉൾപ്പടെ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ടിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ ഇനി പുറത്ത് വരേണ്ടതായാണിരിക്കുന്നത്. അത് വരട്ടെ. എങ്കിലും ഈ നേട്ടം അവിസ്മരണീയമാണ്. അതിന് കേരള സർക്കാറിനെയും ഹേമ കമ്മീഷനെയും ഞങ്ങൾ ഹാർദമായി അഭിനന്ദിക്കുന്നു. കേരളത്തിലെ സ്ത്രീ സമൂഹം - പ്രത്യേകിച്ചും മലയാള സിനിമയിലെ സ്ത്രീകൾ - ഇതിന് എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.
 
ഈ റിപ്പോർട് നടപ്പാക്കുന്നതിലൂടെ ഏറെ സ്ത്രീകൾക്ക് ഈ മേഖലയിൽ ചുവടുറപ്പിക്കാൻ ഉൾക്കരുത്തും അർഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് നമ്മുടെ സമൂഹം കൂടുതൽ അടുക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദം തന്നെയാണ് ഈ വിജയം. ഞങ്ങളിത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ പുതുവത്സര സമ്മാനമായി ഹൃദയത്തോട് ചേർത്തു വെക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് ഇത് ഹാപ്പി ന്യൂ ഇയർ, ദേവനും അസുരനും ഒരാൾ തന്നെ; കാമ്പുള്ള കഥകൾ തേടുന്ന മെഗാസ്റ്റാർ !